മീനച്ചിൽ ഗ്രാമപഞ്ചായത്തിനെ വികസനത്തേരിലേറ്റിയ ജനകീയ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ ഒന്നര വർഷക്കാലം മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച സാജോ പൂവത്താനിയാണ് എൽ.ഡി.എഫിലെ ധാരണ പ്രകാരം രാജി വെച്ചത്. പഞ്ചായത്ത് ഭരണസമിതിയെ മികവാർന്ന രീതിയിൽ നയിച്ച സാജോ ജനോപകാര പ്രദമായ ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കിയിട്ടാണ് പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നത്. ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമീണ റോഡുകളുടെ വികസനത്തിൻ്റെ ഭാഗമായി ഗ്രാമവണ്ടിയുടെ സേവനം ലഭ്യമാക്കിയത് സാജോ പൂവത്താനി പ്രസിഡൻ്റായുള്ള ഭരണ സമിതിയാണ്.
ഇതു കൂടാതെ നാൽപ്പതേക്കറോളം വരുന്ന തരിശു നെൽകൃഷിയും ക്ഷീര കർഷകർക്ക് പ്രോത്സാഹനം നൽകി കൊണ്ടുള്ള ക്ഷീരഗ്രാമം, അശരണർക്ക് കൈത്താങ്ങാവുന്ന ഷെൽഫ് ഓഫ് ലൗവ്, ക്യാൻ കോട്ടയം പദ്ധതിയുടെ ഭാഗമായി സ്ത്രീകളിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനും സാനിട്ടറി പാഡ് രഹിത പഞ്ചായത്ത് പ്രഖ്യാപനമുൾപ്പെടെ വിവിധ പദ്ധതികളും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം പാലിയേറ്റീവ് പരിചരണ രംഗത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിനും സാജോയ്ക്ക് സാധിച്ചു. കൂടാതെ പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും സമൂഹത്തിലെ വർദ്ധിച്ചു വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ തയ്യാറായ പ്രസിഡൻ്റിൻ്റെ ധീരതയും നിശ്ചയ ദാർഡ്യവും ഏറെ പ്രശംസനീയവും മറ്റു ഭരണാധികാരികൾക്കു മാതൃകയാക്കാവുന്നതുമാണ് .
എന്നും സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായതിനാൽ തന്നെ ഭരണസമിതിയിൽ ഏറെ ജനപിന്തുണ ലഭിച്ച പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്ത് ഭരണസമിതിയേയും ജീവനക്കാരേയും ഒറ്റകെട്ടായി ഏകോപിപ്പിച്ചു കൊണ്ട് ഭരണ രംഗത്ത് തൻ്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. പഞ്ചായത്തു സംഘടിപ്പിക്കുന്ന പരിപാടികളിലുണ്ടാവുന്ന ജനപങ്കാളിത്തം സാജോ പൂവത്താനിയുടെ ജനപിന്തുണ ഊട്ടിയുറപ്പിക്കുന്നതാണ്.
0 Comments