കലോത്സവ കോഴവിവാദം : നൃത്താധ്യാപകര്‍ സമരത്തിലേക്ക്


 സ്‌കൂള്‍ കലോത്സവങ്ങളില്‍ വിവാദമാകുന്ന കോഴ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് നൃത്താധ്യാപകര്‍ സമരത്തിലേക്ക്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. വിധി കര്‍ത്താക്കളെ ഹൈറേഞ്ച് മേഖലയിലെ നൃത്താധ്യാപകന്‍ വിലയ്‌ക്കെടുത്തെന്നാരോപിച്ചായിരുന്നു ജില്ലാ കലോത്സവത്തിലെ ആദ്യ ദിനം തന്നെ സംഘര്‍ഷമുണ്ടായത്. വിധികര്‍ത്താക്കളുമായുള്ള സംഭാഷണത്തിന്റെ ഫോണ്‍ കോള്‍ രേഖകളും ചിത്രങ്ങളും നൃത്താധ്യാപകര്‍ പുറത്തുവിടുകയും ചെയ്തു. മത്സരാര്‍ഥികളും രക്ഷിതാക്കളും നൃത്താധ്യാപകരും പ്രതിഷേധിച്ചതോടെ വേദിയില്‍ നടക്കാനിരുന്ന 11 നൃത്തയിനങ്ങളും മാറ്റിവച്ചു. പിന്നീട് വിധികര്‍ത്താക്കളെ മാറ്റി പുതിയവരെ എത്തിച്ചാണ് സമാപനദിവസം മത്സരം നടത്തി കലോത്സവം പൂര്‍ത്തിയാക്കിയത്. 


ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്നു. വിധി നിര്‍ണയത്തെച്ചൊല്ലി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ്. ഷാജി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിധി നിര്‍ണയത്തെച്ചൊല്ലി ഒരു വിഭാഗം നൃത്ത അധ്യാപകരും രക്ഷിതാക്കളും ശബ്ദരേഖകളും സ്‌ക്രീന്‍ഷോട്ടുകളും സഹിതം ഡിഡിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതും പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഞ്ഞിക്കുഴി എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി ഡിവൈഎസ്പി ജിത്സന്‍ മാത്യു പറഞ്ഞു. 

 നാളെ മാര്‍ച്ചും ധര്‍ണയും 
 ഉപ ജില്ലാ, റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളിലെ നൃത്തയിനങ്ങളിലെ വിധി നിര്‍ണയത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ച് നൃത്താധ്യാപകസംഘടനയായ അഖില കേരള ഡാന്‍സ് ടീച്ചേഴ്‌സ് ട്രേഡ് യൂണിയന്‍ നാളെ തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഉച്ച കഴിഞ്ഞ് മൂന്നിന് മാരിയില്‍കലുങ്കിലുള്ള സംഘടന ഓഫീസില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. 


വിധി നിര്‍ണയത്തില്‍ ക്രമക്കേടുകള്‍ നടത്തിയവരെ ഇനിയുള്ള കലോത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിധികര്‍ത്താക്കളെക്കുറിച്ചും ക്രമക്കേടിന് പ്രേരിപ്പിക്കുന്നവരെ കുറിച്ചും മുന്‍ കാലങ്ങളിലും സംഘടന വിവിധ തലങ്ങളില്‍ പരാതിനല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. മാര്‍ച്ചിലും ധര്‍ണയിലും സംസ്ഥാന , ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments