ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍ - ചിറ്റേടത്ത് സര്‍പ്പക്കാവില്‍ സര്‍പ്പ ദൈവങ്ങള്‍ ഇന്നലെ പത്താമുദയ നാളില്‍ നൂറും പാലും നുകര്‍ന്നു. സര്‍പ്പക്കാവിലെ പുന: പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ നൂറും പാലും സമര്‍പ്പണമാണ് ഇന്നലെ രാവിലെ നടന്നത്.
നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നിവയ്ക്ക് നൂറും പാലും സമര്‍പ്പിച്ചു. വിശേഷാല്‍ ആയില്യം പൂജയുമുണ്ടായിരുന്നു. കാവിലുള്ള ഏറ്റുമാനൂര്‍ തേവരുടെ കൊട്ടാരത്തിലും, ഭദ്രകാളീ നടയിലും വിശേഷാല്‍ പൂജകളുണ്ടായിരുന്നു. കിടങ്ങൂര്‍ സജീവ് നമ്പൂതിരി, വള്ളിച്ചിറ ഇടവലം ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഉഴവൂര്‍ ടൗണിനോട് ചേര്‍ന്ന് തച്ചിലംപ്ലാക്കല്‍ കുന്നിലുള്ള ഈ സര്‍പ്പക്കാവ് കൂറ്റന്‍ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ പരദേവതാ സ്ഥാനവുമാണിത്. ആണ്ടിലൊരിക്കല്‍ മേടപ്പത്തുനാളിലാണ് ഇവിടെ സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിക്കുന്നത്.
നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയ അഞ്ച് സര്‍പ്പദേവതകള്‍ക്കും ഏറ്റുമാനൂര്‍ മഹാദേവനും ഗന്ധര്‍വ്വനും ഇവിടെ വിശേഷാല്‍ പൂജകള്‍ ആണ്ടിലൊരിക്കല്‍ നടന്നുവരുന്നു. സര്‍പ്പങ്ങള്‍, ഏറ്റുമാനൂരപ്പന്‍, ഗന്ധര്‍വ്വന്‍, ഭദ്രകാളിയമ്മ എന്നീ ദേവതകളെല്ലാം ഒന്നിച്ച് വാഴുന്ന പുണ്യസന്നിധി എന്ന നിലയില്‍ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവിന് സവിശേഷമായ പ്രാധാന്യമാണുള്ളത്. ഇവിടെ നടത്തുന്ന വഴിപാടുകള്‍ക്ക് അച്ചട്ടായ അനുഭവമുണ്ടെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
ഇന്നലെ മേടപ്പത്തിന് നടന്ന സര്‍പ്പപൂജയിലും നൂറുംപാലും സമര്‍പ്പണത്തിലും നിരവധി ഭക്തരാണ് എത്തിയത്. പാല്‍പ്പായസവും ശര്‍ക്കര പായസവും നേദിച്ച് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്തു. മഞ്ഞള്‍ പ്രസാദവും നല്‍കി.
ചടങ്ങുകള്‍ക്ക് സര്‍പ്പക്കാവ് കമ്മറ്റി ഭാരവാഹികളായ ടി.കെ. വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, സോമശേഖരന്‍ നായര്‍, എന്‍.ജി. ഹരിദാസ്, ശ്രീജ സുനില്‍, ശുഭ ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments