ബൈക്കിന് സൈഡ് കൊടുക്കാൻ വൈകിയതിന് സ്വകാര്യബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്ക് യാത്രികരായ യുവാക്കൾ മർദ്ദിച്ചതായി പരാതി.
ഇന്നലെ(ബുധനാഴ്ച) രാത്രി 8.45-ന് പാമ്പാടി – കൂരോപ്പട റോഡിൽ മാക്കപ്പടിയിലാണ് സംഭവം. കോട്ടയം – പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിലെ ജീവനക്കാർക്ക് നേരെയായിരുന്നു അക്രമം. ഡ്രൈവർ മറ്റക്കര സ്വദേശി വിഷ്ണു (29), കണ്ടക്ടർ മറ്റക്കര സ്വദേശി അഖിൽ (28) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസ് ജീവനക്കാർക്ക് നേരേയുള്ള അതിക്രമം തടയാനെത്തിയ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെയും കൈയേറ്റം ചെയ്ത് തെറിയഭിഷേകം നടത്തിയതായും പരാതിയുണ്ട്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കണ്ടക്ടറെയും ഡ്രൈവറെയും രക്ഷപ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ടംഗ അക്രമി സംഘം പിൻതുടർന്ന് സ്റ്റേഷനിലെത്തി ബസുടമയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. ബസ് ഓടിക്കാൻ അനുവദിക്കില്ലന്നായിരുന്നു ഭീഷണി.
ഇതിനിടെ യുവാക്കൾ നടത്തിയ അതിക്രമം ഒത്തുതീർക്കാൻ ചില പോലീസുകാർ ശ്രമം നടത്തിയതായി ബസ് ഉടമ ആരോപിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുരേഷ് പറഞ്ഞു.
0 Comments