ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; ആലപ്പുഴയിലെ യുവതിയുടെ 96,313 രൂപ തട്ടിയെടുത്ത് മൊബൈൽ ഫോണുകൾ വാങ്ങി വിറ്റു; ധാരാവിയിലെത്തി പ്രതിയെ പിടികൂടി

 

കടക്കരപ്പള്ളി സ്വദേശിനിയായ യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വൻ തുക തട്ടിയെടുത്ത കേസിൽ പ്രതി മുംബൈയിൽ നിന്ന് പിടിയിലായി. ആലപ്പുഴ ജില്ലയിൽ പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പ് കേസിലാണ് നിർണായകമായ ഈ അറസ്റ്റ്. മുംബൈ ധാരാവി സ്വദേശിയായ ആസാദ് ഖാൻ (24) ആണ് കേരള പോലീസിന്റെ പിടിയിലായത്. 


ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസിലെ അന്വേഷണം പുരോഗമിച്ചത്. സൈബർ തട്ടിപ്പിനെ തുടർന്ന് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മുംബൈയിലെ ധാരാവിയിൽ നേരിട്ടെത്തിയാണ് കേരള പോലീസ് ആസാദ് ഖാനെ പിടികൂടിയത്. യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അനധികൃതമായി കൈക്കലാക്കിയ പ്രതി, ഈ കാർഡ് ഉപയോഗിച്ച് മൊത്തം 96,313 രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. 


തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അഞ്ച് മൊബൈൽ ഫോണുകൾ ഓർഡർ ചെയ്യുകയായിരുന്നു. ഈ ഫോണുകൾ പിന്നീട് ധാരാവിയിലെ ഒരു മൊബൈൽ ഷോപ്പിൽ വിറ്റ് പണമാക്കി മാറ്റിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു. 


ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളുടെ ഉപയോഗ ലൊക്കേഷൻ കണ്ടെത്തിയതാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിലെത്തിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments