ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്. ദീപാവലി ദിനത്തില്‍ നിയമ പ്രകാരമുളള നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുളളൂ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നിശബ്ദ മേഖലകളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ല.
അംഗീകൃത ലൈസന്‍സികളില്‍ നിന്നുളള നിയമ പ്രകാരമുളള പടക്കങ്ങള്‍ മാത്രമേ വാങ്ങാവൂ. പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്ന് വസ്തുക്കള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പടക്കങ്ങളുടെ കവറുകളില്‍ എഴുതിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. തുറസായ സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുക. പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക .
കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങള്‍ കൈകാര്യം ചെയ്യുക. സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക. ഇറുകിയ കോട്ടണ്‍ തുണികള്‍ ധരിക്കുക. നിലവാരമുള്ള പടക്കങ്ങള്‍ ഉപയോഗിക്കുക. ഓല ഷെഡുകള്‍, വൈക്കോല്‍ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്. ഉപയോഗിച്ചു കഴിഞ്ഞവ ഉടന്‍ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിര്‍വീര്യമാക്കുക.
പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം കുട്ടികളെ പടക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുക. ഒരിക്കല്‍ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്. കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെയ്ക്കരുത്. കെട്ടിടങ്ങളോട് ചേര്‍ന്ന് ഇവ പൊട്ടിക്കരുത്.
വീടിനുള്ളില്‍ തുറന്നു വെച്ച് പ്രദര്‍ശിപ്പിക്കരുത്. കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിര്‍ത്തുക. പടക്കങ്ങള്‍ കത്തിച്ച് പുറത്തേക്ക് എറിഞ്ഞു കളിക്കരുത്. അടച്ചുവെച്ച കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉപയോഗിക്കരുത്. പറക്കുന്ന രീതിയിലുള്ള പടക്കങ്ങള്‍ ഇടുങ്ങിയ സ്ഥലത്ത് വെച്ച് പൊട്ടിക്കരുത്. പടക്കങ്ങള്‍ ഉപയോഗിച്ച് പൊള്ളലുണ്ടാവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
0 Comments