കിടങ്ങൂര്‍ ഡിവിഷനിലെ എല്ലാ അങ്കണവാടികളിലും സ്മാര്‍ട്ട് ടി.വി. ആയി....കോട്ടയം ജില്ലയിലെ ആദ്യ പദ്ധതി
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, അകലക്കുന്നം, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ 58 പഞ്ചായത്തുവാര്‍ഡുകളിലായി ആകെയുള്ള 74 അങ്കണവാടികളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് സ്മാര്‍ട്ട് ടി.വി. സ്ഥാപിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമായി.
32 ഇഞ്ചിന്റെ എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി.യാണ് എല്ലാ അങ്കണവാടികള്‍ക്കും നല്കിയത്. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടികളിലും സ്മാര്‍ട്ട് ടി.വി. നല്കുന്ന പദ്ധതി നടപ്പിലായത്. കിടങ്ങൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായുള്ള 21 അങ്കണവാടികളിലും മുത്തോലി പഞ്ചായത്തിലെ 13 വാര്‍ഡുകളിലുള്ള 17 അങ്കണവാടികളിലും കൊഴുവനാല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലുള്ള 16 അങ്കണവാടികളിലും അകലക്കുന്നം പഞ്ചായത്തിലെ ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള 1,2,3,8,9,10,11 വാര്‍ഡുകളിലുള്ള 10 അങ്കണവാടികളിലും എലിക്കുളം പഞ്ചായത്തിലെ 1,2,3,15,16 വാര്‍ഡുകളിലുള്ള 6 അങ്കണവാടികളിലും മീനച്ചില്‍ പഞ്ചായത്തിലെ 10,12 വാര്‍ഡുകളിലുള്ള 4 അങ്കണവാടികളിലുമായാണ് 74 സ്മാര്‍ട്ട് ടി.വി. നല്‍കിയത്. സ്മാര്‍ട്ട് ടി.വി.യോടൊപ്പം കുട്ടികള്‍ക്കാവശ്യമായിട്ടുള്ള പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുന്നതിനാവശ്യമായ പെന്‍ഡ്രൈവും നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും പെന്‍ഡ്രൈവില്‍ പ്രോഗ്രാമുകളില്‍ കാലാനുശ്രുതമായ പരിഷ്‌കാരവും വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ്.
ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. 74 അങ്കണവാടികളിലെത്തുന്ന എണ്ണൂറില്‍പ്പരം കുട്ടികളുടെ സന്തോഷത്തിനും അവരുടെ ബൗദ്ധികവളര്‍ച്ചയ്ക്കാവശ്യമായ ചെറുകഥകള്‍, പാട്ട്, ചെറുപ്രഭാഷണങ്ങള്‍, കുട്ടികള്‍ക്ക് സന്തോഷകരമായ മറ്റിതര പ്രോഗ്രാമുകളും സ്മാര്‍ട്ട് ടി.വി.യിലൂടെ അങ്കണവാടികളിലിരുന്ന് കുട്ടികള്‍ക്ക് ആസ്വദിക്കുന്നതിനുള്ള അവസരം ഈ പദ്ധതി പ്രകാരം ഉണ്ടാവുകയാണ്.
അങ്കണവാടികുട്ടികള്‍ക്കായി ജില്ലാ വനിത-ശിശു വികസന വകുപ്പ് തയ്യാര്‍ ചെയ്തിരിക്കുന്ന 30 ഇനങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി മൊഡ്യൂള്‍ സ്മാര്‍ട്ട് ടി.വി.യിലൂടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അവസരമുണ്ടാക്കുകയും അങ്കണവാടികളുടെ ഗുണഭോക്താക്കളായ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, അമ്മമാര്‍, മറ്റ് വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പ്രയോജനപ്രദമാകത്തക്കവിധത്തിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയും മറ്റ് സാമൂഹ്യതിന്മകള്‍ക്കെതിരെയുമുള്ള ബോധവത്ക്കരണ ക്ലാസുകളും പ്രഭാഷണങ്ങളും സമൂഹത്തിലെ നന്മയുടെ വിവിധ മോഡലുകള്‍ മനസ്സിലാക്കുന്നതിനും സ്മാര്‍ട്ട് ടി.വി. പ്രയോജനപ്പെടുന്നതാണ്.
ളാലം ബ്ലോക്കിലെ കൊഴുവനാല്‍ പഞ്ചായത്തിലെ 16 അങ്കണവാടികളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ടി ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ രാവിലെ 9.30 ന് കൊഴുവനാല്‍ അങ്കണവാടിയില്‍ വച്ചും മുത്തോലി പഞ്ചായത്തിലെ 17 അങ്കണവാടികളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ രാവിലെ 11 ന് കടപ്പാട്ടൂര്‍ അങ്കണവാടിയില്‍ വച്ചും മീനച്ചില്‍ പഞ്ചായത്തിലെ 4 അങ്കണവാടികളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് ടി.വി.യുടെ സിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ ഉച്ചയ്ക്ക് 12.15 ന് പൂവരണി പള്ളി അങ്കണവാടിയില്‍ വച്ചും നടത്തപ്പെടുന്നതാണ്.
പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍ പഞ്ചായത്തിലെ 21 അങ്കണവാടി കളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ ഉച്ചകഴിഞ്ഞ് 1.30 ന് കുമ്മണ്ണൂര്‍ അങ്കണവാടിയില്‍ വച്ചും അകലകുന്നം പഞ്ചായത്തിലെ 10 അങ്കണവാടികളിലെ സ്മാര്‍ട്ട് ടി.വി.കളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടന്‍കുന്ന് അങ്കണവാടിയില്‍ വച്ചും എലിക്കുളം പഞ്ചായത്തിലെ 6 അങ്കണവാടികളിലെ സ്മാര്‍ട്ട് ടി.വി.കളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 14.10.2025, ചൊവ്വ ഉച്ചകഴിഞ്ഞ് 3.30 ന് ഉരുളികുന്നം അങ്കണവാടിയില്‍ വച്ചും നടത്തപ്പെടുന്നതാണ്.
വിവിധ അങ്കണവാടികളില്‍ ചേരുന്ന യോഗങ്ങളില്‍ വച്ച് സ്മാര്‍ട്ട് ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും നിര്‍വ്വഹിക്കുന്നതാണ്. വിവിധ പഞ്ചായത്തുകളിലെ യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ.എം. ബിനു, രജ്ഞിത്ത് ജി. മീനാഭവന്‍, ലീലാമ്മ ബിജു, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സിന്ധു അനില്‍കുമാര്‍, സോജന്‍ തൊടുകയില്‍ എന്നിവര്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്.
0 Comments