എസ്‌എഫ്ഐ നേതാക്കളെ മർദ്ദിച്ചവരെ അറസ്‌റ്റ് ചെയ്യണം....... സി. ഐ. ടി. യു പാലായിൽ മാർച്ച് നടത്തി
സ്വകാര്യ ബസ് ജീവനക്കാരെന്ന വ്യാജേന ഗുണ്ടാ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ബിഎംഎസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പാലായിൽ സിഐടിയു വിൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തി
സ്വകാര്യ ബസിൽ യാത്രാ ആനുകൂല്യം നിഷേധിച്ച് വിദ്യാർഥിനിയെ കയ്യേറ്റം ചെയ്‌ത് അധിക്ഷേപിക്കുകയും ചോദ്യം ചെയ്‌ത എസ്‌എഫ്‌ഐ ഭാരവാഹികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌ത ബസ് ജീവനക്കാരെ അറസ്‌റ്റ് ചെയ്യണമെന്നും സ്വകാര്യ ബസ് തൊഴിൽ മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടും നടത്തിയ തൊഴിലാളി മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.
സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കെഎസ്‌ആർടിസി ജംങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ തൊഴിലാളികളും സ്‌ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ ബഹുജനങ്ങൾ അണിനിരന്നു. കൊട്ടാരമറ്റം ബസ് സ്‌റ്റാൻഡിൽ ചേർന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്‌തു.
ഏരിയ പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷനായി. സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, സിഐടിയു ഏരുിയ സെക്രട്ടറി ടി ആർ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം അനിതാലക്ഷമി, കുര്യാക്കോസ് ജോസഫ് എന്നിവർ സംസാരിച്ചു
0 Comments