സുനിൽ പാലാ
വയലിന്‍ കൈയ്യില്‍ കിട്ടിയാല്‍ ജോര്‍ജ്ജ് ചേട്ടന് പ്രായം വെറും നമ്പറാണ്. എണ്‍പത്തിയാറാം വയസ്സില്‍ വയലിന്‍ തന്ത്രികള്‍ മീട്ടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പൈക പഴേപറമ്പില്‍ പി.ജെ. ജോര്‍ജ്ജ് എന്ന പരിചയക്കാരുടെ ജോര്‍ജ്ജുചേട്ടന്‍.
പാലായ്ക്കടുത്തുള്ള കടയം ശ്രീവിനായക സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ രാജു ഭാസ്‌കറിന്റെയും സുനില്‍ലാലിന്റെയും ''ശിഷ്യനായി'' വയലിന്‍ പഠിച്ചു തുടങ്ങിയ ജോര്‍ജ്ജ് അരങ്ങേറ്റത്തിലേക്കുള്ള കടുത്ത പരിശീലനത്തിലാണിപ്പോള്‍. തങ്ങളേക്കാള്‍ ഇരട്ടിപ്രായമുള്ള ''ശിഷ്യന്‍'' കുട്ടികള്‍ പഠിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തന്ത്രികളില്‍ വിസ്മയമൊരുക്കുന്നുണ്ടെന്ന് രണ്ടുഗുരുക്കന്‍മാരും ഒരേസ്വരത്തില്‍ പറയുന്നു.
ജോര്‍ജ്ജ് ചേട്ടന്റെ മകനും ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ സാംജി ജോര്‍ജ്ജിന്റെ സുഹൃത്താണ് വിനായക കലാകേന്ദ്രം ഉടമയായ സുനില്‍ലാല്‍. കഴിഞ്ഞ വര്‍ഷം വിജയദശമി നാളില്‍ വിനായകയിലെ വിജയദശമി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാംജി പോയപ്പോള്‍ അച്ഛന്‍ ജോര്‍ജ്ജും ഒപ്പം കൂടി. അവിടുത്തെ കുട്ടികളുടെ കലാപരിശീലനം കണ്ടപ്പോള്‍ തനിക്കും വയലിന്‍ പഠിക്കണമെന്നായി ജോര്‍ജ്ജ്.
അന്നുതന്നെ പ്രമുഖ വയലിനിസ്റ്റ് കൂടിയായ ഗുരു രാജു ഭാസ്‌കറിന് ദക്ഷിണ വച്ചു. പിന്നീട് മാസത്തില്‍ നാല് ക്ലാസ് വീതം തുടര്‍പരിശീലനം. തങ്ങളുടെ ''മിടുക്കനായ വിദ്യാര്‍ത്ഥി''യുടെ അരങ്ങേറ്റം ഉടനെ നടത്തണമെന്ന ആഗ്രഹത്തിലാണ് ഗുരുക്കന്‍മാരും.
ജോര്‍ജ്ജിന് കലാപാരമ്പര്യം പണ്ടേയുണ്ട്. ഇരുപതാം വയസ്സില്‍ പ്രൊഫഷണല്‍ നാടക നടനായി കലാവേദിയിലെത്തിയ ഇദ്ദേഹം സ്‌നാപകയോഹന്നാന്‍ എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായി ഒട്ടേറെ വേദികളില്‍ തിളങ്ങി.
ആകാശവാണിയിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്. ജോര്‍ജ്ജിന്റെ എട്ടു സഹോദരന്‍മാരില്‍ നാലുപേരും മുമ്പ് കലാവേദികളില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടായി തയ്യല്‍ ജോലി ചെയ്യുന്ന ട്രീസമ്മയാണ് ഭാര്യ. അടുത്തിടെ ട്രീസമ്മ ഒരു സിനിമയിലും മുഖം കാണിച്ചു. സോജി, സാജു (ഒമാന്‍), സാംജി എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍. മുത്തച്ഛന്റെ വയലിന്‍ അരങ്ങേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് പേരക്കുട്ടികളും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments