ഇടുക്കി ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്: കോളപ്ര തുരുത്തില്‍ 116.20 കോടിയുടെ ബൃഹദ് പദ്ധതിക്ക് അനുമതി


  ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ക്ക് വലിയ കുതിപ്പേകുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിക്ക് കോളപ്ര തുരുത്തില്‍ തുടക്കമാകുന്നു. കാഞ്ഞാറിനും കോളപ്ര തുരുത്തിനും മധ്യേയുള്ള ജലാശയത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ നോഡല്‍ ഏജന്‍സിയായി നടപ്പാക്കുന്ന പദ്ധതിക്ക് 116.20 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി നാല് സോണുകളായി തിരിച്ചാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.


 ജലാശയങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ക്ക് പകരം പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തിന് മാത്രമാണ് അനുമതി. സ്‌കൈ വാക്, ബോട്ടിംഗ്, ബങ്കി ജംബ്, ഓപ്പണ്‍ ജിം, ജെറ്റ് സ്‌കീ, ഫ്ളൈബോര്‍ഡ്, ബഗ്ഗി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്‍ഡോര്‍ ഗെയിംസ്, ഫിഷ് പോണ്ട്, ജയന്റ് സ്വിംഗ്, അക്വാട്ടിക് സ്പോര്‍ട്സ് തുടങ്ങിയ വിനോദ പദ്ധതികളും ഇതിള്‍ ഉള്‍പ്പെടും.


 ഇടുക്കിയിലെ വിനോദ സഞ്ചാര രംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നതിനാല്‍ ചെറുകിട കച്ചവടക്കാര്‍ മുതല്‍ നിരവധിപ്പേര്‍ക്കു ഗുണകരമാകുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പ്രദേശത്തിനു മുകള്‍ഭാഗത്തായി ജല അഥോറിറ്റിയുടെയും പഞ്ചായത്തിന്റെയും കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ജലസ്രോതസുകള്‍ മലിനമാകാത്ത രീതിയിലുള്ള ശാസ്ത്രീയമായ മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 
ജലസേചന വകുപ്പിന്റെയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നും ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ കോളപ്ര തുരുത്ത് പ്രധാന അടയാളമായി മാറുമെന്നുമാണ് പ്രതീക്ഷ. ജില്ലയിലെ മലയോര മേഖലയിലേക്കുള്ള പ്രവേശന കാവടമാണ് മൂലമറ്റം കോളപ്ര ഭാഗം. നിരവധി സിനിമകളുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ പ്രദേശം. ഇവിടുത്തെ നയനമനോഹരമായ കാഴ്ചകളും കാലാവസ്ഥയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments