ഭാഗവതാമൃത സത്രത്തിലെ പത്താം ദിനം രുഗ്മിണി സ്വയം വരം മള്ളിയൂരിൽ ആഘോഷമായി. പുലർച്ചെ വിഷ്ണു സഹസ്രനാമപാരായണ ത്തോടെ ഉണർന്ന വേദിയിൽ ഉച്ചയോടെ യാണ് രുക്മിണി സ്വയംവരം പാരായണം ചെയ്തത്. പാരായണത്തിന് മുന്നോടിയായി ശിവക്ഷേത്രത്തിൽ നിന്നും വർണാഭമായ ഘോഷയാത്ര നടന്നു.
പട്ടുടുത്ത് പല്ലക്കിൽ ശ്രീകൃഷ്ണനും രുഗ്മിണി യും. അകമ്പടിയായി വാദ്യമേളങ്ങൾ, താലപ്പൊലി, നാമജപവും വായ്ക്കുരവയുമായി അമ്മമാർ. ഘോഷയാത്ര സത്ര പന്തലിൽ എത്തിയതോടെ പുഷ്പവൃഷ്ടി. വധു വരന്മാരെ വേദിയിലേക്ക് തുളസി മാല അണിയിച്ച് സ്വീകരിച്ചാനയിച്ചു. തുടർന്ന് മുഖ്യയജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭാഗതോത്തമൻമാർ ഏറ്റവും പ്രാധാന്യമുള്ള രുഗ്മിണി സ്വയംവരം വായിച്ചു.
വെണ്മണി രാധാ അന്തർജനം, വെണ്മണി കൃഷ്ണൻ നമ്പൂതിരി എന്നീ ഭാഗവതപണ്ഡിതരും പാരായണത്തിൽ പങ്കാളിയായി. .ഇതിനിടെ സ്വയംവരത്തിൻറെ മധുരവിതരണവും നടന്നു. കല്യാണോത്സവത്തെ തുടർന്ന് വിഭവസമൃദ്ധമായ സദ്യ നടന്നു. 5000 ത്തിൽ അധികം ഭക്തരാണ് ഈ പുണ്യ ദിനത്തിൽ മള്ളിയൂരിലെ സദ്യ കഴിച്ചത്. ഗുരുവായൂർ പ്രഭാകർജി, മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരി, വെണ്മണി രാധാ അന്തർജനം, വെണ്മണി കൃഷ്ണൻ നമ്പൂതിരി, ശ്രീകണ്ഠേശ്വരം സോമവാര്യർ, വെള്ളിനേഴി ഹരികൃഷ്ണൻ, ഒ.എസ്.സതീഷ് എന്നീ ആചാരൻമാരാണ് വെള്ളിയാഴ്ച്ച മള്ളിയൂരിലെ പ്രഭാഷണ വേദിയെ അനുഗ്രഹീതമാക്കിയത്.



0 Comments