നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സിൽ
വെള്ളവും വൈദ്യുതിയും എത്തി.
എന്നു വരും ഓഫീസുകൾ
ആറ് വർഷത്തെ കാത്തിരിപ്പിനു ശേഷം നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൽ വെള്ളവും വൈദ്യുതിയും എത്തി.
നാട്ടുകാരുടെ കടുത്ത സമ്മർദ്ദത്തിനെ തുടർന്നാണ് വെള്ളവും വൈദ്യുതിയും ലഭ്യമാക്കപ്പെട്ടത്. റവന്യൂ വകുപ്പാണ് ഇതിനായി ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടം അനുവദിച്ച മുപ്പതിനായിരത്തിൽപരം രൂപ മീനച്ചിൽ തഹസിൽദാർ വാട്ടർ അതോറിട്ടിക്ക് നൽകിയതിനെ തുടർന്നാണ് വാട്ടർ കണക്ഷന് നടപടിയായത്.
ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവിടേയ്ക്കുള്ള ഓഫീസ് മാറ്റത്തിന് വിവിധ വകുപ്പുകൾ തടസ്സവാദം ഉന്നയിച്ചു കൊണ്ടിരുന്നത്.
ഇനി എന്ത് തടസ്സവാദമാണ് വിവിധ വകുപ്പുകൾ ഉന്നയിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് നാട്ടുകാർ.
ഒരു മാസം മുൻപ് ജില്ലാ കളക്ടറും റവന്യൂ അധികൃതരും വർഷങ്ങളായി അടഞ്ഞ് കിടന്ന മന്ദിരത്തിൽ എത്തി പരിശോധന നടത്തുകയും പുതുവർഷത്തിൽ ഓഫീസ് മാറ്റത്തിന് നടപടി ഉണ്ടാവും എന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു.
പൊതുമരാമത്ത് അധികൃതരെത്തി കാട് വെട്ടി തെളിച്ച് പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കപ്പെട്ടതോടെ ഇവിടേയ്ക്ക് മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സർക്കാർ ഓഫീസുകൾ ഒന്നൊന്നായി മാറ്റി സ്ഥാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജയ്സൺ മാന്തോട്ടവും കാണിയക്കാട് റസിഡൻസ് അസോസിയേഷനും അധികൃതരോട് ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ വാടക കൊടുത്ത് പരിമിതമായ സൗകര്യങ്ങളോടെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസാണ് മാറ്റി സ്ഥാപിക്കേണ്ടത്.
സർക്കാർ കെട്ടിടം ഉണ്ടായിരിക്കവെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ സർക്കാർ വകുപ്പുകൾക്ക് അനുമതി ഇല്ലാത്തതുമാണ്. ഇതു ലംഘിച്ചാണ് ഖജനാവിന് വലിയ ബാദ്ധ്യത വരുത്തി വർഷങ്ങളായി വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.





0 Comments