പാതിരാപ്പൂ ചൂടി ഹാരിയറ്റ്, രാമപുരത്തിന് പുതുമ... വീഡിയോ ഈ വാര്‍ത്തയോടൊപ്പം കാണാം...



സുനില്‍ പാലാ

ഇത്തവണത്തെ മഞ്ഞില്‍ കുളിച്ച ധനുമാസരാവിനെ യു.കെ. സ്വദേശിനി ഹാരിയറ്റ് മറക്കില്ല; ജന്‍മനാട്ടില്‍ നിന്ന് ഇങ്ങ് ദൂരെ രാമപുരത്ത് നാലമ്പലങ്ങളുടെ പവിത്രസന്നിധിയില്‍ വ്രതശുദ്ധിയോടെ ഹാരിയറ്റും തിരുവാതിര കളിച്ചു. പിന്നീട് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ മറ്റ് സുമംഗലിമാരോടും കന്യകമാരോടുമൊപ്പം പാതിരാപ്പൂ ചൂടി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയില്‍ മറ്റു വനിതകള്‍ക്കൊപ്പം ഹാരിയറ്റും തിരുവാതിര രാവിന്റെ ആഘോഷത്തില്‍ മുഴുകി.

വീഡിയോ ഇവിടെ കാണാം...👇👇👇
 

 
''ഇതൊരു പുത്തന്‍ വൈബാണ്. ഹരിയുടെ നാട്ടിലെ ഈ ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും എത്രയോ വലുതാണ്''. അടുത്തുനിന്ന ഭര്‍ത്താവ് ഹരികൃഷ്ണനെ നോക്കി തൊഴുകൈകളോടെ ഹാരിയറ്റ് പറഞ്ഞു.

38കാരിയായ ഹാരിയറ്റ് ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണ്. ഇപ്പോള്‍ അവിടെ ഫോറന്‍സിക് സൈക്കോ തെറാപ്പിസ്റ്റാണ്. ലണ്ടനില്‍തന്നെ ഒരു കമ്പനിയില്‍ എച്ച്.ആര്‍. വിഭാഗം മേധാവിയായ ഹരികൃഷ്ണനുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായി കഴിഞ്ഞ 20-ാം തീയതിയാണ് ഭര്‍ത്താവിന്റെ നാടായ കേരളത്തിലെ രാമപുരത്തേക്ക് ഹാരിയറ്റ് പറന്നിറങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന തിരുവാതിര അനുഷ്ഠാനങ്ങളിലും തിരുവാതിരകളിയിലും മുഴുവന്‍ സമയവും ഹാരിയറ്റ് പങ്കെടുത്തു. പാതിരാപൂവുമായുള്ള സ്ത്രീകളുടെ പ്രദക്ഷിണത്തിനും മറ്റും മുന്നില്‍ നിന്ന് നയിച്ചത് ഹാരിയറ്റും കൂടിയാണ്.

ഭര്‍ത്താവ് ഹരികൃഷ്ണനോടും ഹരികൃഷ്ണന്റെ മാതാപിതാക്കളും റിട്ടയേര്‍ഡ് എ.ഇ.ഒ.യുമായ ലളിതാംബിക കുഞ്ഞമ്മയോടും കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് റിട്ടയേര്‍ഡ് സൂപ്രണ്ട് കെ.എസ്.ടി. ബാബുവിനോടും തിരുവാതിര അനുഷ്ഠാനത്തിന്റെ കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയ ഹാരിയറ്റ് അനുഷ്ഠാനങ്ങള്‍ അതേപടി പാലിക്കാനും തയ്യാറായി.

ലോകപ്രശസ്ത ബ്രാന്റിംഗ് ആന്റ് അഡ്വര്‍ടൈസിംഗ് കമ്പനിയായ വൂള്‍ഫ് ഓലിന്‍സിന്റെ ഉടമയായിരുന്ന വോളി ഓലിന്‍സിന്റെയും ഡോണിയുടെയും ഏക മകളായ ഹാരിയറ്റ് സര്‍ക്കാര്‍ സര്‍വ്വീസിലും സ്വകാര്യ മേഖലയിലും സൈക്കോ തെറാപ്പിസ്റ്റായി കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയാണ്. വോളി ഓലിന്‍സ് ഇന്ത്യയില്‍ ടാറ്റായുടെ പരസ്യങ്ങളുടെ ചുമതലയും ആദ്യകാലം വഹിച്ചിരുന്നു. അങ്ങനെ കൊച്ചുന്നാളില്‍ കുറെക്കാലം ഹാരിയറ്റും മുംബൈയില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ നാട്ടിലെ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പവിത്രമായ സ്മരണകളുമായി വെള്ളിയാഴ്ച ഹാരിയറ്റും ഹരികൃഷ്ണനും ലണ്ടനിലേക്ക് പറക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments