ഇന്ന് ഫെബ്രുവരി 14; വാലന്റൈന്‍സ് ഡേ. പ്രണയം പറക്കുന്ന ദിനം. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അനുരാഗം തോന്നുന്നവര്‍ പ്രണയം പ്രകടിപ്പിക്കുന്ന വേള.




ഇന്ന് ഫെബ്രുവരി 14; വാലന്റൈന്‍സ് ഡേ. പ്രണയം പറക്കുന്ന ദിനം. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അനുരാഗം തോന്നുന്നവര്‍ പ്രണയം പ്രകടിപ്പിക്കുന്ന വേള.

സുനിൽ പാലാ

'പലവട്ടം കാത്തുനിന്നു ഞാന്‍ കോളജിന്‍ മൈതാനത്ത് ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...' പാടിയതും എഴുതിയതും വിനീത് ശ്രീനിവാസനാണ് എന്നത് ശരി. പക്ഷേ  പഴയ ഏതോ  കാമുകന്റെ ഉള്‍ത്തുടിപ്പുകളാണ് ഈ വരികളില്‍ പകര്‍ത്തിയിരിക്കുന്നതെന്നാണ് തോന്നുന്നത്. കാരണം പുതിയ കാലത്ത് എവിടെയാണ്് പ്രണയം പറയാന്‍ വേണ്ടി കാമുകന്‍മാര്‍ കോളജിന്‍ മൈതാനത്തും വഴിവക്കിലും കാത്തുനില്ക്കുന്നത്? ഇന്‍സ്റ്റയിലും വാട്സാപ്പിലും സന്ദേശം അയ്ക്കുകയോ അല്ലെങ്കില്‍ നേരിട്ടുതന്നെയോ പ്രണയം പറയാന്‍ ധൈര്യവും ആത്മവിശ്വാസമുള്ളവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍...  പ്രണയം പറയാന്‍ വേണ്ടിയല്ല പ്രണയിക്കുന്ന ആളെയും കൊണ്ട് എവിടേയ്ക്കെങ്കിലും പോകാന്‍ വേണ്ടി മാത്രമായുള്ള കാത്തുനില്ക്കലുകളാണ് എവിടെയും.





എന്റെ ശരീരം എന്റെ അവകാശം എന്ന മട്ടിലുള്ള സ്ലോഗനുകളൊക്കെ രൂപപ്പെടുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ചാരിത്രശുദ്ധിയും അനാഘ്രാതകുസുമവുമൊക്കെ പഴഞ്ചനായി മാറിയിരിക്കുന്നു. പകരം അവര്‍ പുതിയ വാക്കില്‍ എല്ലാം ഒതുക്കിയിരിക്കുന്നു. കണ്‍സെന്റ്!  അതെ. സമ്മതം. സമ്മതം വേണം. അതുണ്ടെങ്കില്‍ മറ്റുള്ളതെല്ലാം ശരികളാകും.  ശരീരങ്ങള്‍ പങ്കുവയ്ക്കാന്‍ സ്നേഹത്തെക്കാളേറെ ഉഭയസമ്മതം മാത്രം മതിയെന്നായിരിക്കുന്നു കാര്യങ്ങള്‍..

പരസ്പരം  നേരില്‍ കാണാതെ കാണാന്‍ ഇന്ന്  നമുക്കെന്തെല്ലാം മാര്‍ഗങ്ങളായിരിക്കുന്നു. വിരല്‍ത്തുമ്പില്‍ എല്ലാം തലകീഴായിമറിഞ്ഞിരിക്കുന്നു. അകലങ്ങളെയും ദൂരങ്ങളെയും നമ്മള്‍ മറ്റ് പലതുകൊണ്ടും മറികടക്കുകയും അതിജീവിക്കുകയും ചെയ്യുന്നു. പ്രണയം മാറിപ്പോയിരിക്കുന്നുവെന്ന കാര്യത്തില്‍ നമുക്കൊരു സംശയവുമില്ല. പ്രണയത്തിന്റെ രീതികള്‍... പ്രണയഭാവങ്ങള്‍ പോലും. ഏതാണ് നല്ല പ്രണയം എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഉത്തരം മുട്ടിപ്പോയേക്കാം.. ലജ്ജാവിവശയായി കാല്‍വിരല്‍കൊണ്ട് നിലത്ത് എഴുതുന്ന കാമുകിമാരൊക്കെ ഇപ്പോള്‍ ഔട്ട് ഡേറ്റഡായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ടു സ്മോള്‍ അടിച്ചാലും നഗരം നഗരം മഹാസാഗരം എന്ന് നാവു കുഴയാതെ പാടാന്‍ കഴിയുന്നവനായിരിക്കണം കാമുകന്‍ എന്ന് പറയത്തക്കരീതിയില്‍ പെണ്‍കുട്ടികള്‍ പോലും കാമുക സങ്കല്പങ്ങളെ പൊളിച്ചെഴുതിയിരിക്കുമ്പോള്‍ പ്രണയം വഴിമാറിപോകുന്നുവെന്ന് പരിതപിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

അരനൂറ്റാണ്ട് മുമ്പ് പ്രണയം പറയാന്‍ കത്തുകള്‍ മാത്രമായിരുന്നു ഏകപോംവഴി. കോളജ് ലൈബ്രറിയുടെ വിജനതയിലും നിശ്ശബ്ദതയിലും മാത്രമല്ല വഴിയോരത്തും നോട്ടുപുസ്തകങ്ങള്‍ക്കിടയിലുമെല്ലാമായി പ്രണായക്ഷരങ്ങള്‍ കുറിച്ചിട്ട കത്തുകള്‍   ഹൃദയത്തിന്റെ തുടിപ്പുംവിങ്ങലുമായി  കാത്തുനിന്നിരുന്നു, കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഫോണ്‍വന്നു. ലാന്റ് ഫോണും പബ്ലിക് ടെലിഫോണ്‍ ബൂത്തുമായി. ഏറ്റവും ഒടുവില്‍ മൊബൈലും. അതോടെ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് പ്രണയിക്കാന്‍ വളരെ എളുപ്പമായി കാര്യങ്ങള്‍. ആരെയും പേടിക്കാതെ പ്രേമിക്കാം. എത്ര പേരെ വേണമെങ്കിലും രഹസ്യമായും  പ്രണയിക്കാം. ടെക്സ്റ്റുകളായി, ഇമോജികളായി പ്രണയം പറക്കുന്നു.  പ്രണയിക്കാന്‍ പ്രണയം മാത്രം ഉണ്ടായാല്‍ മതിയെന്നായി. പക്ഷേ ചില പ്രണയങ്ങളിലെങ്കിലും പ്രണയം പേരിനു മാത്രമേയുളളൂ. മാത്രവുമല്ല പ്രണയം എന്നതൊഴികെ എല്ലാം ഉണ്ടുതാനും. അതുകൊണ്ടാണ്  പ്രണയപ്പകയുണ്ടാകുന്നത്. ഒരേ സമയം ഒന്നിലധികം പേരുമായി പ്രണയം രൂപപ്പെടുന്നത്..
നിന്നെ എനിക്ക് കിട്ടിയില്ലെങ്കില്‍  നിന്നെ മറ്റാര്‍ക്കും കിട്ടണ്ടായെന്ന അസൂയയും പ്രതികാരവുമാണ് പ്രണയപ്പകയായി ഇവിടെ ആളിക്കത്തുന്നത്.

എന്തിനോടും പ്രണയമുണ്ടാവുകയെന്നതാണ് മുഖ്യം. പ്രകൃതിയോട് പ്രണയം, അക്ഷരങ്ങളോട് പ്രണയം, കാറ്റിനോടും കടലിനോടും പ്രണയം. മഴയോടും വെയിലിനോടും പ്രണയം. എത്രത്തോളം ഉള്ളില്‍ പ്രണയമുണ്ട് എന്നതാണ് നമ്മെ  മികച്ച മനുഷ്യന്‍ പോലുമാക്കിത്തീര്‍ക്കുന്നത്.
 
 
 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments