ഏകാന്തതയെയും ശൂന്യതയെയും മനുഷ്യൻ ഇന്ന് ഭയപ്പെടുകയാണെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. സി. എസ്. ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വചനമാരി കൺവെൻഷൻ കുറുപ്പന്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ആധുനിക കാലഘട്ടത്തിൽ ദൈവവചന വായനയും പഠനവും വിശ്വാസികൾക്കിടയിൽ കുറഞ്ഞുവരുകയാണ്.മനുഷ്യൻ ഇന്ന് ഏകാന്തതയെയും ശൂന്യതയെയും ഭയപ്പെടുന്നു. ഈ ശൂന്യബോധം പലപ്പോഴും മാനസികമായ തകർച്ചകളിലേക്ക് നയിക്കുന്നുണ്ട്.
ശാരീരികമായും മാനസികമായും ആത്മീയമായും നമ്മെത്തന്നെ ശൂന്യമാക്കുമ്പോൾ, ആ ശൂന്യതയിലേക്ക് ദൈവം തന്റെ കൃപ നിറയ്ക്കുന്നു. ഈ ഒരു നിറവ് ആണ് നോമ്പ് കാലം നമുക്ക് നൽകുന്ന അനുഭവമെന്നും ബിഷപ്പ് പറഞ്ഞു. ജില്ലാ ചെയർമാൻ റവ: ജേക്കബ് ജോൺസൺ അധ്യക്ഷനായിരുന്നു. റവ. ബെന്നി തോമസ് വചനമാരി കൺവെൻഷൻ സ്ഥാപകനായ റവ. കെ എം ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. പുന്നവേലി ഇടവക വികാരി റവ. ഷിബിൻ വർഗീസ് വചന പ്രേഘോഷണം നിർവഹിച്ചു.
അപ്പോസ്തൊനായ പൗലോസിന്റെ ജീവിത അടിസ്ഥാനത്തിൽ തകർച്ചകൾ നമ്മെ യഥാർത്ഥ മാനസാന്തരത്തിലേക്ക് നയിക്കണമെന്ന് അച്ചൻ ഉത്ബോധിപ്പിച്ചു. പ്രോഗ്രാം കൺവീനർ റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് സ്വാഗതവും, കൺവെൻഷൻ ജനറൽ കൺവീനർ പോൾസൺ ജോൺ നന്ദിയും പറഞ്ഞു. ഏറ്റുമാനൂർ വൈദിക ജില്ലയിലെ അച്ഛന്മാരും, ഉപദേശിമാരും സഭാജനങ്ങളും കൺവെൻഷനിൽ പങ്കെടുത്തു.
ദിവംഗതനായ റവ. കെ, എം ജോൺ അച്ചന്റെ സഹധർമ്മിണി ലിസി ജോൺ ഒരു വർഷമെടുത്തു തയ്യാറാക്കിയ ഇംഗ്ലീഷ് ബൈബിളിന്റെ കയ്യെഴുത്തു പ്രതി തിരുമേനി പ്രകാശനം ചെയ്തു.ജില്ല ഗായക സംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. കുറുപ്പന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. ഫെബ്രുവരി 15ന് കൺവെൻഷൻ സമാപിക്കും.



0 Comments