കരിങ്കുന്നം നെല്ലാപ്പാറ വളവില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍, പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ഷൈനി ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. നെല്ലാപ്പാറ വളവിലെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
ഇതിന് ശാശ്വത പരിഹാരം കാണുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. നെല്ലാപ്പാറ വളവില്‍ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. തകരാറിലായ ക്രാഷ് ബാരിയറുകള്‍ പുനഃസ്ഥാപിക്കുക, റോഡിന്റെ വശങ്ങള്‍ ഡിഫൈന്‍ ചെയ്ത് റബ്ബര്‍ കോണുകള്‍ സ്ഥാപിക്കുക, സ്‌കൂള്‍ മേഖലകളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കുക,
കരിങ്കുന്നം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൃത്യമായ ഇടങ്ങളില്‍ ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് കെ.കെ., പഞ്ചായത്ത് സെക്രട്ടറി ഹര്‍ഷകുമാര്‍ ആര്‍., ജനപ്രതിനിധികളായ ഹരിദാസ് ഗോപാലന്‍, ലില്ലി ജോയി, സോണിമോന്‍ സണ്ണി, ജോസഫ് കെ.എം, ജോസഫ് ടി.സി., ജോബി ജോസ്, കെ.ജി ദിനകര്‍, ബീന കുര്യന്‍ എന്നിവരും പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചെടുത്ത ഈ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.




0 Comments