സുഹൃത്തിന് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

 

 അണക്കര മണിയന്‍പെട്ടിയില്‍ സുഹൃത്തിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രവീണ്‍ കുമാറിന് (26) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തൊടുപുഴ അഡീഷണല്‍ നാലാം സെഷന്‍സ് ജഡ്ജി ലൈജമോള്‍ ഷെരീഫാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. മണിയന്‍പെട്ടി സത്യവിലാസം വീട്ടില്‍ പവന്‍രാജിന്റെ മകന്‍ രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2022 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്കുമാറിന് തന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രവീണ്‍ കുമാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. 


തമിഴ്നാട് വനം അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുളിക്കടവില്‍ രാജ്കുമാറിനെ എത്തിച്ച് മദ്യപിക്കുന്നതിനിടെ, കൈവശം കരുതിയിരുന്ന വിഷം മദ്യത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്ത് ഉപേക്ഷിക്കുകയും മദ്യക്കുപ്പിയും വിഷക്കുപ്പിയും ഒളിപ്പിച്ചുവെച്ച് കടന്നുകളയുകയും ചെയ്തു. സംഭവദിവസം ഇരുവരെയും ഒന്നിച്ചു കണ്ട നാട്ടുകാരുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത പ്രവീണ്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.


 പ്രതി ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പിയിലും വിഷക്കുപ്പിയിലും കണ്ടെത്തിയ വിരലടയാളങ്ങളും ശാസ്ത്രീയ തെളിവുകളും കുറ്റം തെളിയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നേരിട്ട് ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ 21 സാക്ഷികളെയും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വണ്ടമേട് മുന്‍ എസ്എച്ച്ഒ വി.എസ്. നവാസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.എസ്. അഭിലാഷ് ഹാജരായി. സബ് ഇന്‍സ്‌പെക്ടര്‍ ഷാജി കെ.എന്‍, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് കെ.എസ് എന്നിവര്‍ പ്രോസിക്യൂഷന്‍ സഹായികളായി പ്രവര്‍ത്തിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments