ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വികസനം തടയുന്നത് ജോസ് കെ. മാണിയാണ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ എന്ന് മാണി സി. കാപ്പൻ എം.എൽ.എ.......റിങ്ങ് റോഡിന് പണം അനുവദിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ഷൻ അടുത്തപ്പോൾ നടത്തുന്ന പ്രഖ്യാപനം എന്തിനെന്ന് പാലായിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അറിയാമെന്നും കഴിഞ്ഞ നാലര വർഷമായി നിയോജകമണ്ഡലത്തിലെ പുരോഗതിക്കായി തന്റെ പരിശ്രമങ്ങൾക്ക് തുരങ്കം വെക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിരുന്നവർ കടവുപുഴ പാലം, റിങ്ങ് റോഡ്, കളരിയാമാക്കൽ പാലം, അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് എന്നിവയൊക്കെ പൂർത്തീകരിക്കാൻ ശ്രമിക്കാതെ ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുമെന്ന് അറിഞ്ഞു കൊണ്ടു നടത്തുന്ന ഇത്തരം കാപട്യമാണ് ജോസ് കെ മാണിയെ അപഹാസ്യനാക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു. .
ഇലക്ഷൻ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ കാപട്യമാണെന്നറിയാമെങ്കിലും അവയ്ക്കിട്ട് പാര പണിയാൻ താനില്ലെന്നും വികസനത്തിന് രാഷ്ട്രീയമില്ല എന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. എങ്കിൽപ്പോലും കെ എം മാണി പ്രതിപക്ഷത്തിരുന്നപ്പോൾ ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പൂർത്തീകരിച്ചതിന്റെ പ്രോഗ്രസ് റിപ്പോർട്ട് അടുത്തദിവസം പുറത്തു വിടുമെന്ന് മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.




0 Comments