“സാങ്കേതിക വിദ്യ സാധാരണക്കാരിലേയ്ക്ക് എത്തണം“മാർ ജോസഫ് കല്ലറങ്ങാട്ട്: പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ 'ഐഡിയ ലാബ്' പ്രവർത്തനം ആരംഭിച്ചു.
സാങ്കേതിക വിദ്യാഭ്യാസം അതിന്റെ പൂർണ്ണതയിലെത്തുന്നത് അത് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാകുമ്പോഴാണെന്ന് പാലാ രൂപതാ മെത്രാനും പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി (എസ് ജെ സി ഇ ടി) രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു.
പാലാ സെന്റ് ജോസഫ്‌സ് കോളേജിലെ ഐഡിയ (ഐഡിയ ഡെവലപ്‌മെന്റ്, ഇവാലുവേഷൻ & ആപ്ലിക്കേഷൻ) ലാബിന്റെ ഉദ്ഘാടനസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗിക നവീകരണത്തിന്റെ ഹബ്ബായി മാറാനുള്ള കോളേജിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. 'ചെയ്തു പഠിക്കുക' (learning by doing) എന്ന സംസ്കാരം വളർത്തിയെടുക്കാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനായുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ (AICTE) നയത്തിന്റെ ഭാഗമായുള്ളതാണ് ഈ ഐഡിയ ലാബ്. പരമ്പരാഗത ലബോറട്ടറികളിൽ നിന്ന് വ്യത്യസ്തമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗകര്യങ്ങളോടെയാണ് ഐഡിയ ലാബ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു അസംസ്കൃത ആശയത്തെ പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പാക്കി മാറ്റാൻ സഹായിക്കുന്ന നൂതന ഉപകരണങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ട്. ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലാബിൽ ത്രീഡി പ്രിന്റിംഗ്, റോബോട്ടിക്‌സ്, ഐഒടി (IoT), എഐ (AI) തുടങ്ങിയ മേഖലകളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐഡിയ ലാബ്, എസ്‌ജെസിഇടി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മറ്റ് കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക 'ഓപ്പൺ ഡേ'പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് - സിഎസ്ആർ ഫണ്ടിന്റെ പിന്തുണയും ഈ ലാബിനുണ്ട്.
വിദ്യാർത്ഥികളിൽ ഭാവനയും സർഗ്ഗാത്മകതയും വളർത്തുന്നതിനും, സ്റ്റെം (STEM) അടിസ്ഥാനതത്ത്വങ്ങൾ പ്രായോഗികമായി പരീക്ഷിക്കുന്നതിനും ലാബ് അവസരമൊരുക്കുമെന്ന് കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി.പി. ദേവസ്യ സ്വാഗതം പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിഎം പ്രദീപ് വി.എൻ. ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
കോളേജ് വൈസ് - പ്രിൻസിപ്പൽ റവ. ഡോ.ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ, ഐഡിയ ലാബ് കോർഡിനേറ്റർ
ഡോ. രാജേഷ് ബേബി, കോ-കോർഡിനേറ്റർ സർജു എസ്
എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.




0 Comments