പൂരപ്രപഞ്ചത്തില്‍ പ്രകമ്പനം കൊണ്ട് കിടങ്ങൂര്‍ ക്ഷേത്രാങ്കണവും ആസ്വാദകവൃന്ദവും



കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവദിനമായ ഇന്ന് രാത്രി നടന്ന ഭഗവാന്റെ എഴുന്നള്ളത്തും കുടമാറ്റവും പൂരപ്രപഞ്ചവും മേള-താള-വര്‍ണങ്ങളാല്‍ ഹൃദയാന്ദകരമായി ഒപ്പം ഭക്തിനിര്‍ഭരവും.


 
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ മതില്‍ക്കകത്തെ തിരുമുറ്റത്ത്  ഗജസാമ്രാട്ട് പാമ്പാടി രാജന്റെ പുറത്ത് പ്രൗഢ ഗംഭീരമായി എഴുന്നള്ളി നിന്ന ഭഗവാന്റെയും ഇരുവശത്തും നിരന്ന ഗജശ്രേഷ്ഠരായ കീഴൂട്ട് വിശ്വനാഥന്‍,ചൈത്രംഅച്ചു,വഴുവാടി ശ്രീകണ്ഠന്‍,തോട്ടുചാലില്‍ ബോലോനാഥ്,പനയന്നാര്‍കാവ് കാളിദാസന്‍, വടക്കുറുമ്പക്കാവ് ദുര്‍ഗാദാസന്‍,ചിറക്കാട്ട് നീലകണ്ഠന്‍,നന്തിലത്ത് ഗോപീകണ്ണന്‍ എന്നിവരുടേയും എഴുന്നള്ളത്തിനൊപ്പം മുറുകിയ പഞ്ചാരിമേളത്തിന്റെ നാദപ്രപഞ്ചത്തില്‍ തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ 300-ല്‍ പരം വര്‍ണക്കുടകള്‍ വര്‍ണവിസ്മയം തീര്‍ത്തു.

ഒന്‍പത് ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകള്‍ നിറങ്ങളുടെ പൂരം സമ്മാനിച്ച് മാറിമറിഞ്ഞപ്പോള്‍ ക്ഷേത്രാങ്കണമാകെ നിറഞ്ഞ പുരുഷാരം ആവേശത്തോടെ പൂരപ്രപഞ്ചത്തില്‍ ഉത്സവലഹരിയിലാണ്ടു.മേള ചക്രവര്‍ത്തി കല്ലൂര്‍ ഉണ്ണികൃഷ്ണമാരാരുടെ പ്രമാണത്തില്‍ നൂറോളം വരുന്ന കലാകാരന്മാര്‍ കിടങ്ങൂര്‍ പഞ്ചാരിയില്‍ തീര്‍ത്ത നാദ-താള-ലയവിന്യാസം രണ്ടരമണിക്കൂറോളം നീണ്ടു.നാദപ്രപഞ്ചത്തില്‍ ലയിച്ചുനിന്ന ആസ്വാദകവൃന്ദം കൈകള്‍ വാനിലുയര്‍ത്തിവീശി താളത്തിനൊപ്പം മേളം ആസ്വദിച്ചു.ഒപ്പം വര്‍ണകുടകളുടെ മാറിമറയുന്ന വര്‍ണകാഴ്ചയും. 

പൂരപ്രപഞ്ചത്തിനെത്തിയ ഗജവീരന്മാരെ ശ്രീമുരുക ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് കിടങ്ങൂര്‍ മാന്താടി ജങ്ഷനില്‍ നിന്ന് വീരനടനം റോഡ്ഷോ, അലങ്കാരനൃത്തം, ശിങ്കാരിമേളം തുടങ്ങി വാദ്യ-നൃത്തമേളങ്ങളോടെ ആഘോഷപൂര്‍വ്വമാണ് ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിച്ചത്.തുടര്‍ന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര മൈതാനത്ത് ടീം വയനാടിന്റെ വീരനടനം,ചേര്‍ത്തല പടയാളീസിന്റെ ശിങ്കാരിമേളം, ചങ്ങരംകുളം കലാസമിതിയുടെ അലങ്കാരനൃത്തം എന്നിവ നടന്നപ്പോഴുംആസ്വാദകരായെത്തിയത് ആയിരങ്ങള്‍. 
 

തെക്കന്‍ദേശത്തുനിന്നും പ്രൗഢമായ താലപ്പൊലി ഘോഷയാത്രയും ക്ഷേത്രത്തിലേക്ക് എത്തി. ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് ആഘോഷത്തിന് ഭദ്രദീപം തെളിയിച്ചു.എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രവീന്ദ്രനാഥ്, കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍,പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്,പഞ്ചായത്തംഗം മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.പുലര്‍ച്ചെ പടിഞ്ഞാറെ നടയില്‍ ഭഗവാന്റെ പള്ളിവേട്ട എഴുന്നള്ളത്ത് നടന്നു.കിടങ്ങൂര്‍ കലേഷും സംഘവും പാണ്ടിമേളമൊരുക്കി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments