തിയോഫിനച്ചന്റെ ധന്യ പദവി പ്രഖ്യാപനം ഇന്ന്



തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നു അറിയപ്പെട്ട കപ്പൂച്ചിൻ സന്യാസ വൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ ധന്യ പദവി പ്രഖ്യാപനം ഇന്ന്. കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിലാണ് പ്രഖ്യാപന ചടങ്ങും തിരുക്കർമങ്ങളും നടക്കുക. രാവിലെ 9.30നു തിയോഫിനച്ചന്‍റെ സമാധിയിൽ ദീപം തെളിച്ചു പ്രാർത്ഥനാശുശ്രൂഷ. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടനുബന്ധിച്ചാണു ധന്യപദവി പ്രഖ്യാപനം.

ഒഎഫ്എം കപ്പൂച്ചിൻ പോസ്റ്റുലേറ്റർ ജനറൽ ഫാ. കാർലോ കല്ലോണി പ്രഖ്യാപനം നടത്തും. സിസിഎംഎസ്ഐ പ്രസിഡന്റ് ഫാ. ജോർജ് ആൻ്റണി പ്രഖ്യാപനത്തിൻ്റെ മലയാള പരിഭാഷ വായിക്കും. ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ വചനപ്ര ഘോഷണം നടത്തും. അസി. പോസ്റ്റുലേറ്റർ ജനറൽ ഫാ. അൻ്റോയിൻ ഹദ്ദാദ് ധന്യൻ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും. നാമകരണ പ്രാർത്ഥന കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി പ്രകാശനം ചെയ്യും.


ഉച്ചയ്ക്കു രണ്ടിന് നാമകരണ പ്രാർഥന, ആരാധന. 2.30ന് പാലാരിവട്ടം സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗങ്ങൾ റാലിയായി പൊന്നുരുന്നി ആശ്രമത്തിലെത്തും. മൂന്നിന് ദിവ്യബലിക്ക് പാലാരിവട്ടം പള്ളി വികാരി ഫാ. ജോജി കുത്തു കാട്ട് കാർമികത്വം വഹിക്കും. 4.30 മുതൽ ആറു വരെ തിരുസന്നിധി ശുശ്രൂഷ ഫാ. വിപിൻ കുരിശുതറ നയിക്കും. ഏഴിനു ദിവ്യബലി.

1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ധന്യൻ തിയോഫിന്‍ജനിച്ചത്. മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ രൂപത സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസ്സിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം അദ്ദേഹത്തെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31ന് അദ്ദേഹം കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായി മാറുകയും, തിയോഫിന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1941 ഏപ്രില്‍ 20ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.


ഏറ്റവും ആദരണീയനായ കപ്പൂച്ചിൻ പ്രസംഗകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യത്തിന്റെ ആത്മാവിനെ എപ്പോഴും തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. ഒരു അദ്ധ്യാപകനെന്ന നിലയിൽ, അദ്ദേഹം എപ്പോഴും ശ്രദ്ധാലുവും വിദ്യാർത്ഥികളുടെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വ്യക്തമാക്കാൻ സന്നദ്ധനുമായിരുന്നു. 55 വർഷത്തെ ജീവിതത്തിൽ 27 വർഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. തന്നെ കാണുന്നവര്‍ക്ക് ക്രിസ്തുവിന്റെ സമാശ്വാസം പകര്‍ന്നുനല്‍കി.

ജീവിതത്തിൻ്റെ അവസാനത്തെ 10 വർഷം അദ്ദേഹം ചെലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താം പീയൂസ് ദേവാലയവും പണിതുയർത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ അദ്ദേഹം ഓടിയെത്തി. 1968 ഏപ്രിൽ 4ന്, നിത്യ സമ്മാനത്തിന് യാത്രയായി. 2001 ഏപ്രിൽ അഞ്ചിന് ഫാ. തിയോഫിനെ ദൈവദാസനായി വത്തിക്കാൻ തിരുസംഘം പ്രഖ്യാപിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments