അമിതവേഗതയില്‍ തെറ്റായ ദിശയിലെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍, പ്രതികളെ സംരക്ഷിക്കാന്‍ വാഴക്കുളം പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം.
കഴിഞ്ഞ മാര്‍ച്ച് 25ന് പുലര്‍ച്ചെ ഒന്നോടെ മൂവാറ്റുപുഴ – തൊടുപുഴ സംസ്ഥാന പാതയില്‍ വാഴക്കുളം വിശ്വജ്യോതി കോളേജിന് സമീപമാണ് അപകടം നടന്നത്. പാലക്കുഴ അമ്പലംകുന്ന് പടിഞ്ഞാറേക്കരയില്‍ വിജയന്‍ – ഉഷ ദമ്പതികളുടെ മകന്‍ അഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്.
കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഖിലും, പിതൃസഹോദരി രാജമ്മയും പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ തൂക്കം കഴിഞ്ഞ് മടങ്ങുകയായിരുന്നു. വാഴക്കുളം പരീക്കപീടിക ഭാഗത്ത് വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് തെറ്റായ ദിശയിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് ബസ് പൂര്‍ണ്ണമായും തെറ്റായ ദിശയിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെങ്കിലും പോലീസ് ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്റ്റേഷനിലെത്തിയ അഖിലിന്റെ മാതാപിതാക്കളോട് എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി പരാതിയുണ്ട്. ‘തെറ്റായ ദിശയിലാണ് അപകടമെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ 25 വര്‍ഷം സര്‍വീസുള്ള ഡ്രൈവറുടെ ജോലി പോകുമെന്നും’ അതിനാല്‍ സഹകരിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നീതി ആവശ്യപ്പെട്ട് മരിച്ച അഖിലിന്റെ മാതാവ് ഉഷ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കി. അപകടത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം



0 Comments