മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി പ്രതിഷേധിച്ച ഒഡീഷ സ്വദേശിയായ ഗോത്രവര്‍ഗ്ഗക്കാരന് സഹോദരിയുടെ ബാങ്ക് സമ്പാദ്യം ഒടുവില്‍ അധികൃതര്‍ കൈമാറി


മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി പ്രതിഷേധിച്ച ഒഡീഷ സ്വദേശിയായ ഗോത്രവര്‍ഗ്ഗക്കാരന് സഹോദരിയുടെ ബാങ്ക് സമ്പാദ്യം ഒടുവില്‍ അധികൃതര്‍ കൈമാറി 

കിയോഞ്ജര്‍ ജില്ലയിലെ ദിയാനലി ഗ്രാമവാസിയായ ജിതു മുണ്ടയ്ക്കാണ് (59) പലിശയുള്‍പ്പെടെ 19,402 രൂപ ബാങ്ക് നല്‍കിയത്.

തിങ്കളാഴ്ചയായിരുന്നു ജിതു മുണ്ട തന്റെ സഹോദരി കലാരയുടെ അസ്ഥികൂടം ചാക്കിലാക്കി ബാങ്കിന് മുന്നിലെത്തിയത്. സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം തടസ്സം നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ അസാധാരണ പ്രതിഷേധം.

ജിതുവിന്റെ സഹോദരി ജനുവരി 26-നാണ് മരിച്ചത്. ഇവരുടെ സമ്പാദ്യമായ 19,300 രൂപ പിന്‍വലിക്കാനാണ് ജിതു ശ്രമിച്ചിരുന്നത്.

മരണ സര്‍ട്ടിഫിക്കറ്റോ അവകാശ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് മൃതദേഹം അടക്കം ചെയ്ത കുഴി മാന്തി അസ്ഥികൂടവുമായി ജിതു ബാങ്കിലെത്തിയത്.


ജിതു മുണ്ട ആദ്യമായാണ് ബാങ്കിലെത്തുന്നതെന്നും നേരത്തെ വന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. സംഭവദിവസം ഇയാള്‍ മദ്യപിച്ചിരുന്നതായും ബാങ്ക് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

സംഭവം വിവാദമായതോടെ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അന്വേഷണത്തിന് ഉത്തരവിട്ടു. ജനങ്ങളോട് സെന്‍സിറ്റീവ് ആയി പെരുമാറാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ ജിതുവിന് മരണ സര്‍ട്ടിഫിക്കറ്റും അവകാശ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കി. ജില്ലാ റെഡ്‌ക്രോസ് ഫണ്ടില്‍ നിന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തി 30,000 രൂപയും ഇയാള്‍ക്ക് അനുവദിച്ചു.

ലഭിച്ച പണം തന്റെ മറ്റ് നാല് സഹോദരങ്ങള്‍ക്കായി വീതിച്ചു നല്‍കുമെന്ന് ജിതു മുണ്ട പറഞ്ഞു. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വിശാല്‍ സിംഗ് വ്യക്തമാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments