രാമപുരത്തെ കൊടുങ്കാറ്റ്, കെ.എസ്.ഇ.ബി.ക്ക് കനത്ത നഷ്ടം, ഭഗീരഥ പ്രയത്‌നം നടത്തി കുറെയിടത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചു


സുനില്‍ പാലാ

രാമപുരത്ത് ചൊവ്വാഴ്ച വൈകിട്ടുണ്ടായ കൊടുങ്കാറ്റില്‍ കെ.എസ്.ഇ.ബി.ക്ക് കനത്ത നഷ്ടം. 25 ഓളം പോസ്റ്റുകള്‍ മരംവീണ് ഒടിഞ്ഞു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിപ്പോയി. രാമപുരം പഞ്ചായത്തിലെ ഏറിയഭാഗത്തും വൈദ്യുതി വിതരണം പാടേ നിലച്ചു. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കനത്ത കാറ്റും മഴയുമുണ്ടായത്. മഴ തെല്ലൊന്ന് ശമിച്ച നിമിഷം മുതല്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ ജാഗരൂകരായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാത്തുക്കുട്ടി ജോസഫ്, രാമപുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ്ജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നാല് സ്‌ക്വാഡുകളിലായി 50-ഓളം കെ.എസ്.ഇ.ബി. ജീവനക്കാര്‍ നിരന്തര പരിശ്രമം നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.30-ഓടെ ഭാഗീകമായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.  സെക്ഷന് കീഴിലെ പല മേഖലകളിലും ഇപ്പോഴും ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞ് കിടക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത് മുഴുവന്‍ വെട്ടിനീക്കി പൊട്ടിയ ലൈനുകള്‍ നന്നാക്കി പലയിടത്തും പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചശേഷം മാത്രമേ പൂര്‍ണ്ണമായും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയൂ. 

നീറന്താനം, ചക്കാമ്പുഴ, കൂടപ്പുലം, കിഴതിരി മേഖലകളിലൊക്കെ ഇനിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇന്നും കൂടുതല്‍ ജീവനക്കാര്‍ ഇറങ്ങി തീവ്രശ്രമം നടത്തി എത്രയുംവേഗം പൂര്‍ണ്ണമായും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാത്തുക്കുട്ടി ജോസഫ് പറഞ്ഞു. 


 
കെ.എസ്.ഇ.ബി. ജീവനക്കാരെ അഭിനന്ദിച്ചു

കൊടുങ്കാറ്റില്‍ താറുമാറായ വൈദ്യുതി വിതരണം അശ്രാന്തപരിശ്രമം നടത്തി കുറെ ഭാഗത്തെങ്കിലും പുനഃസ്ഥാപിക്കാന്‍ യത്‌നിച്ച രാമപുരം കെ.എസ്.ഇ.ബി. ജീവനക്കാരെയും മേല്‍ഉദ്യോഗസ്ഥരെയും രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം അഭിനന്ദിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ക്കൂടി എത്രയുംവേഗം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. സത്വര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ കെ.എസ്.ഇ.ബി. ജീവനക്കാരോട് സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്താറാം അഭ്യര്‍ത്ഥിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments