ബോളിവുഡിലെ മുൻനിര താരവും മുൻ മിസ് ഇന്ത്യയുമായ നേഹ ധൂപിയ, കരിയറിന്റെ തുടക്കത്തിൽ നേരിട്ട കടുത്ത മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. ഒരാൾ തന്റെ ചിരിയെ പരിഹസിച്ചതു കാരണം പത്തുവർഷത്തോളം പൊതുവേദികളിൽ ചിരിക്കാൻ പോലും താൻ ഭയപ്പെട്ടിരുന്നുവെന്ന് നേഹ വെളിപ്പെടുത്തി. ഒരു പ്രമുഖ ടിവി ഷോയ്ക്കിടെയാണ് താരം കരിയറിന്റെ തുടക്കകാലത്തെ ഈ കയ്പേറിയ അനുഭവം പങ്കുവച്ചത്: "ഒരിക്കൽ, ടിവി ഷോയുടെ ഓഡിഷനായി പോയതായിരുന്നു.
കാസ്റ്റിങ് ഡയറക്ടറുടെ കൂടെ കാറിൽ ഇരിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു. എന്നാൽ പെട്ടെന്ന് അയാൾ എന്നോട് പറഞ്ഞു; നീ ചിരിക്കരുത്, നിന്റെ ചിരി കാണാൻ ഒരു ഭംഗിയുമില്ല. ചിരിക്കാതിരിക്കുമ്പോഴാണ് നിന്റെ മുഖത്തിന് കൂടുതൽ ഭംഗി... ആ വാക്കുകൾ എന്നെ തളർത്തിക്കളഞ്ഞു...' നേഹ പറഞ്ഞു. പരിഹാസം തന്റെ മനസിനെ എത്രത്തോളം ബാധിച്ചുവെന്നും നേഹ വ്യക്തമാക്കി. മിസ് ഇന്ത്യ കിരീടം ചൂടിയ നിമിഷത്തിൽ പോലും തനിക്ക് മനസറിഞ്ഞ് ചിരിക്കാൻ സാധിച്ചില്ലെന്ന് നടി പറയുന്നു.
അക്കാലത്തെ തന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും, ഏകദേശം എട്ട് മുതൽ പത്ത് വർഷത്തോളം ഈയൊരു ചിന്ത തന്നെ വേട്ടയാടിയെന്നും നേഹ കൂട്ടിച്ചേർത്തു. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നേഹ ധൂപിയ, ബോഡി ഷെയ്മിംഗിനെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും എപ്പോഴും ശക്തമായി പ്രതികരിക്കുന്ന താരമാണ്. കരിയറിൽ ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് താരം ഇന്ന് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയത്. നടൻ അങ്കത് ബേദിയാണ് നേഹയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
70 12 23 03 34



0 Comments