തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന അതേ വേഗതയിൽ ജഡ്ജിമാരെയും നിയമിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യം ചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.
പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപ് തിടുക്കത്തിൽ നിയമനം നടത്തിയെന്ന് ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.
ഹർജികളിൽ അടുത്തയാഴ്ചയും വാദം തുടരും. 2024 മാർച്ച് 13 ന് 200 പേരുടെ ചുരുക്കപ്പട്ടിക പ്രതിപക്ഷനേതാവിന് നൽകിയെങ്കിലും തൊട്ടടുത്ത ദിവസമാണ് കമ്മീഷണർമാരെ തിരഞ്ഞടുത്തതെന്നും എങ്ങനെയാണ് പ്രതിപക്ഷനേതാവിന് ഒറ്റദിവസം കൊണ്ട് അത്രയും പേരുകൾ പരിശോധിക്കാനാവുകയെന്നും ഹൻസാരിയ ചോദിച്ചു.


0 Comments