വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി മരിയസദനത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
റോട്ടറി ക്ലബ് പാലായുടെയും മരിയസദനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 മെയ് 31-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കി.
ക്യാമ്പിൽ രക്തത്തിലെ പഞ്ചസാര പരിശോധന (RBS), HbA1c, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ് പരിശോധന, പാദങ്ങളുടെ ന്യൂറോപ്പതി പരിശോധന, കണ്ണിന്റെ റെറ്റിനോപ്പതി സ്ക്രീനിംഗ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകൾ നടത്തി.
പരിശോധനകളുടെ അടിസ്ഥാനത്തിൽ രോഗികളുടെ ആരോഗ്യനില വിലയിരുത്തി ആവശ്യമായ ചികിത്സാ നിർദേശങ്ങളും തുടർപരിചരണ മാർഗനിർദേശങ്ങളും നൽകി.
സീനിയർ ഫിസിഷ്യൻ ഡോ. ജി. ഹരീഷ് കുമാർ, സർജൻ ഡോ. ടോണി മാത്യു, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ബെറ്റി മാത്യു, സീനിയർ ENT സർജൻ ഡോ. പി. ജെ. ജോസ്, ചർമ്മരോഗ വിദഗ്ധൻ ഡോ. പീറ്റർ മാത്യു, കണ്ണുരോഗ വിദഗ്ധ ഡോ. വിഷ്ണുപ്രിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ നിർദേശങ്ങളും ഡോക്ടർമാർ പങ്കുവച്ചു.
റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. . ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിന്റെ ആശംസകൾ അർപ്പിച്ച് ഡോ. ജി. ഹരീഷ് കുമാർ (സീനിയർ ഫിസിഷ്യൻ, മെഡിസിൻ, IHM ഹോസ്പിറ്റൽ മേരിഗിരി, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ - റോട്ടറി ക്ലബ് ഓഫ് പാലാ), അമൽ വർഗീസ് (സെക്രട്ടറി, റോട്ടറി ക്ലബ് ഓഫ് പാലാ) കൃതജ്ഞത രേഖപ്പെടുത്തി.
ഡോ. ജി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന വേദിയായി. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും വിദഗ്ധ ചികിത്സാ നിർദേശങ്ങളും ക്യാമ്പിൽ ലഭ്യമാക്കി. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായകമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
70 12 23 03 34





0 Comments