റാങ്കുകളുടെ തിളക്കത്തിൽ പാലാ അൽഫോൻസാ കോളേജ്; ടോപ്പേഴ്‌സ് ഡേ ആഘോഷം ശ്രദ്ധേയമായി
എം.ജി. യൂണിവേഴ്സിറ്റി 2025-26 ഡിഗ്രി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ഡേ ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.
കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു സ്വാഗതപ്രസംഗം നടത്തി. വിദ്യാർത്ഥിനികളുടെ നേട്ടങ്ങൾ കോളേജിന്റെ അക്കാദമിക മികവിന്റെയും അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമത്തിന്റെയും ഫലമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ദീപിക എഡിറ്റർ ആൻഡ് ചീഫ് ഓഫ് ബ്യൂറോ ശ്രീ. ജോർജ് കള്ളിവയലിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥിനികളുടെ വിജയങ്ങളെ അഭിനന്ദിച്ച അദ്ദേഹം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ കൂടുതൽ നേതൃത്വം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സ്ത്രീകൾ കൂടുതൽ മുന്നേറുകയും ഭരണ-നേതൃത്വ മേഖലകളിൽ സജീവ സാന്നിധ്യമാകുകയും ചെയ്യുന്ന ഒരു കേരളമാണ് ഭാവിയുടെ പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ “ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമായി നിങ്ങൾ തന്നെ മാറുക” (Be the change you wish to see in the world) എന്ന സന്ദേശം ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എം.ജി. യൂണിവേഴ്സിറ്റി പരീക്ഷയിൽ 28 റാങ്കുകളും 3 എസ് ഗ്രേഡുകളും 29 എ പ്ലസുകളും ഉൾപ്പെടെ മികച്ച നേട്ടം കൈവരിച്ച ബിരുദ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു. വർഷങ്ങളായി സർവകലാശാല പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസുകളും സ്വന്തമാക്കി വരുന്ന കോളേജിന്റെ അക്കാദമിക മികവിന്റെ തെളിവാണ് ഇത്തവണത്തെ ഫലമെന്നും ചടങ്ങിൽ വിലയിരുത്തപ്പെട്ടു.
പാർട്ട് ടൈം ജോലികളിലൂടെയും സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും സ്വയംപര്യാപ്തതയുടെ മാതൃക സൃഷ്ടിച്ച വിദ്യാർത്ഥിനികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. വിജയികളായ വിദ്യാർത്ഥിനികൾക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു.
വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപകരും വിദ്യാർത്ഥിനികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
70 12 23 03 34

.jpg)


0 Comments