ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.



ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.

തയ്യാറാക്കിയത് സുനില്‍ പാലാ


 
കൂടെ നടന്ന് പഠിപ്പിച്ച ഗുരുവാം അച്ഛന്‍...
 
ഡോ. ജി. ഹരീഷ്‌കുമാര്‍ 
(ചീഫ് ഡയബറ്റേളജിസ്റ്റ്, മേരിഗിരി ആശുപത്രി ഭരണങ്ങാനം), 9745074111
 

ചില ചുവടുമാറ്റങ്ങളാണ്  ഡോ. ആര്‍ ഗോവിന്ദന്‍ നായര്‍ എന്ന എന്റെ അച്ഛനെ ശ്രദ്ധേയനാക്കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അപ്പൂപ്പന്‍ വി.ആര്‍. പിള്ള ഒരു ഇക്കണോമിസ്റ്റായിരുന്നു. കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ പഠിപ്പിക്കാന്‍ പോലും അവസരം ലഭിച്ച, കേരള യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ച മികച്ച സാമ്പത്തിക വിദഗ്ദനായിരുന്ന വി.ആര്‍ പിള്ളയുടെയും ചിന്‍മയിദേവിയുടെയും മകനായിട്ടായിരുന്നു അച്ഛന്റെ ജനനം. എന്റെ മുത്തശി അതായത്, ചിന്‍മയീദേവിക്ക് പത്തുവയസ്സുള്ളപ്പോഴായിരുന്നു ഈ വിവാഹം. മുത്തശ്ശിക്ക് പതിനഞ്ച് വയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ ജനിച്ചു. 
 
മുത്തശ്ശിയുടെ ഓര്‍മ്മയ്ക്കായി എന്റെ സഹോദരിക്കും ചിന്‍മയീദേവി എന്നാണ് പേരിട്ടത്. എന്റെ ഇളയ സഹോദരന്‍ ഡോ. ഗിരീഷ് ഗോവിന്ദും എന്നെപ്പോലെ അച്ഛന്റെ വഴിയിലൂടെ തന്നെ വളര്‍ന്നു. ഇപ്പോള്‍ മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സില്‍ മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗം തലവനും പ്രൊഫസറുമാണ്.

അപ്പൂപ്പന്‍ വി.ആര്‍. പിള്ളയെപ്പോലെ സാമ്പത്തികമേഖലയിലേക്ക് തിരിയാതെ ആതുരശുശ്രൂഷാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നാലാമത് ബാച്ചില്‍ പഠിച്ച് പാസായ അച്ഛന്‍ യു.കെയില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യുകെയിലെ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംങ് പ്രഫസറായിരുന്ന അപ്പൂപ്പന്റെ സ്വാധീനം ഇക്കാര്യത്തില്‍ ഏറെ തുണയായിരുന്നു. മുപ്പത് വര്‍ഷത്തോളം മെഡിക്കല്‍ അധ്യാപന രംഗത്ത് മികച്ച സംഭാവനകള്‍ നല്കാന്‍ അച്ഛന് സാധിച്ചിട്ടുണ്ട്.  
 
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഫസറായും ഡോക്ടറായുമുള്ള സേവനകാലത്ത് അനേകരുടെ വേദനയകറ്റുന്ന കരമായി അച്ഛന്‍ മാറി. കൈപ്പുണ്യമുള്ള ഡോക്ടര്‍ എന്നായിരുന്നു അച്ഛനെ പൊതുവെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.  മെഡിക്കല്‍ കോളജുകള്‍ അധികമൊന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍ വയനാട്, കാസര്‍കോഡ് നിന്നുപോലും നിരവധി രോഗികള്‍ അച്ഛന്റെ അടുത്താണ് സ്ഥിരമായി ചികിത്സയ്ക്കെത്തിയിരുന്നത്. 
 
അച്ഛന്‍ കുറിച്ചുകൊടുത്ത മരുന്നുകള്‍ അവര്‍ക്ക് ഉടനടി ഫലം നല്കുന്നവയായിരുന്നതിനാല്‍ പിന്നീട് തങ്ങള്‍ മറ്റ് ഡോക്ടേഴ്സിനെ കണ്ട് മരുന്നുവാങ്ങിയാലും ഗോവിന്ദന്‍നായര്‍ ഡോക്ടറുടെ മരുന്നൂകൂടി  കഴിക്കുമായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രോഗികള്‍ക്ക് അത്രയധികം വിശ്വാസവും സ്നേഹവുമായിരുന്നു അച്ഛനോട്.

ആധുനിക മെഡിക്കല്‍ സയന്‍സും സാങ്കേതികവിദ്യകളും ഇന്നത്തേതുപോലെ വികസിച്ചിട്ടില്ലാത്ത ഒരുകാലത്ത് പല രോഗനിര്‍ണ്ണയവും നടത്താന്‍ ദൈവത്തിന്റെ കരങ്ങളുളള അച്ഛന് സാധിച്ചിരുന്നു. ലിവര്‍ സിറോസിസ് പോലെയുള്ള രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇന്ന് പല മാര്‍ഗങ്ങളുമുണ്ടെന്ന് നമുക്കറിയാം. പക്ഷേ ഇതൊക്കെ അപ്രാപ്യമായിരുന്ന കാലത്തായിരുന്നു അച്ഛന്‍ സ്പ്ലീനോ പോര്‍ട്ടോ വെനോഗ്രാം (spleeno porto venogram) നടപ്പിലാക്കിയത്. ഇപ്രകാരം അഞ്ഞൂറോളം കേസുകള്‍ അച്ഛന്‍ അറ്റന്റ് ചെയ്തിട്ടുണ്ട്. അവയെക്കുറിച്ച് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അച്ഛന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അവയൊക്കെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തിരുന്നു.

രോഗികളോട് അച്ഛന്‍ കാണിക്കുന്ന അനുകമ്പയും സ്നേഹവും എന്റെ അമ്മ വിജയലക്ഷ്മിയുടെയും ഞങ്ങള്‍ മക്കളുടെയും നേര്‍മുന്നില്‍ ഇപ്പോഴുമുണ്ട്. അച്ഛന്റെ രോഗികളോടുള്ള  താദാത്മ്യപ്പെടലുമാണ് അച്ഛന്റെ വഴിയെ തിരിയാന്‍ എനിക്ക് പ്രേരണയായത്. രോഗീസേവനം മാധവസേവനമാണെന്ന് എനിക്ക് മനസ്സിലായത് അച്ഛനിലൂടെയാണ്. കര്‍ണ്ണാടകയിലായിരുന്നു എന്റെ മെഡിക്കല്‍ വിദ്യാഭ്യാസം. എം.ബി.ബി.എസിന്റെ തുടക്കത്തിലും അവസാനവര്‍ഷപ്പരീക്ഷ അടുക്കുമ്പോഴും മറ്റ് പരീക്ഷകളുടെ അവസരങ്ങളിലും അച്ഛന്‍ നാട്ടില്‍ നിന്ന് രണ്ട് മാസം മുമ്പേ എന്റെ അടുക്കല്‍ എത്തിച്ചേരുമായിരുന്നു. 
 
പരീക്ഷാസംബന്ധമായ എല്ലാ വിഷയങ്ങളും  പഠിപ്പിച്ചുതരുന്നതിനും പാഠഭാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും വേണ്ടിയായിരുന്നു അത്. മക്കള്‍ക്കുവേണ്ടി എത്രയധികം കഷ്ടപ്പെടാനും ബുദ്ധിമുട്ടുകള്‍ സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. മെഡിക്കല്‍ കോളജിലെ പ്രഫസറായിരുന്നതുകൊണ്ട് എന്നെ പഠിപ്പിക്കാനായി ടെക്സ്റ്റുകള്‍ ഒന്നും അച്ഛന് റഫര്‍ ചെയ്യേണ്ടതായി വന്നിരുന്നില്ല. 

പഠിപ്പിക്കാന്‍ എത്തി, പഠിപ്പിച്ചു എന്നൊക്കെ പറയുമ്പോള്‍ മുഖാഭിമുഖം ഇരുന്ന് പഠിപ്പിക്കുകയായിരുന്നുവെന്ന് കരുതരുത്.  ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം അച്ഛന്‍  ക്ലാസാണെന്ന തോന്നലുണ്ടാക്കാത്തവിധത്തില്‍ എന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു.  വ്യത്യസ്തമായ ആ അധ്യാപന രീതി എന്നെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹപ്രദമായിരുന്നുവെന്ന് എന്റെ റിസള്‍ട്ട് തെളിയിച്ചു.


അച്ഛന്റെ അധ്യാപനരീതിയുടെ പ്രത്യേകതകളെയും ന•കളെയും കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പലരും പിന്നീട് എന്നോട് സംസാരിച്ചിട്ടുണ്ട്. രോഗികളെ ആദരിക്കണമെന്നും അവര്‍ക്ക് നമ്മളാല്‍ കഴിയും വിധത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്നും അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ പരമാവധി നടപ്പില്‍വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അച്ഛന്‍ നല്ലൊരു സംഘാടകനും പ്രഭാഷകനുമായിരുന്നു. ട്രോപിക്കല്‍ മെഡിസിന്‍, ഗ്യാസ്ട്രോഎന്റോളജി, ഹെപ്പറ്റോളജി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ദേശീയ അന്തര്‍ദ്ദേശീയതലത്തില്‍പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം സൗത്ത് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലെ എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷകളിലെ എക്സാമിനറുമായിരുന്നു. മികച്ച ഡോക്ടര്‍ക്കുള്ള 2002 ലെ ഐ.എം.എ കാലിക്കറ്റ് അവാര്‍ഡ് നേടാനും അച്ഛന് സാധിച്ചിട്ടുണ്ട്.

ഇന്നും അച്ഛന്റെ മകനാണെന്ന് അറിയുമ്പോള്‍, അച്ഛനോടുള്ള സ്‌നേഹവും ആദരവും പലരും എനിക്ക് പകര്‍ന്നുനല്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനജനകമാണ്. അച്ഛന്‍ എങ്ങനെയായിരിക്കുന്നുവോ അതിന്റെ നന്‍മയും ശ്രേയസും മക്കള്‍ക്കും കിട്ടും എന്നത് ഉറപ്പാണ്.

2012 ല്‍ അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞുവെങ്കിലും അച്ഛന്റെ സ്വാധീനം ഞങ്ങള്‍ മക്കളിലും എന്റെ ഭാര്യ ഗായത്രിയിലും ഞങ്ങളുടെ മക്കളായ ഡോ. ഹരിഗോവിന്ദിലും ഭുവനേശ്വരി നായരിലും നിറഞ്ഞു നില്‍ക്കുകയാണ്. ഓര്‍മ്മയുള്ളിടത്തോളം കാലം അച്ഛനെ മറക്കാന്‍ കഴിയില്ല. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments