സുനില്‍ പാലാ
പ്ലാസ്റ്റിക്ക് നാട വലിച്ചുകെട്ടിയാല്‍ അപകടം പോയേ പോയി. ഇതാവാം പിഡബ്ല്യുഡി അധികാരികളുടെ നിലപാട്. അല്ലെങ്കില്‍ പിന്നെ രാമപുരം വെള്ളിലാപ്പിള്ളിക്ക് സമീപമുള്ള പുതുവേലി പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകര്‍ന്നിട്ട് നാളുകളായിട്ടും പുനര്‍നിര്‍മ്മിക്കില്ലേ. തകര്‍ന്ന ഭാഗത്ത് ഇപ്പോള്‍ പ്ലാസ്റ്റിക് നാട വലിച്ചുകെട്ടിയിരിക്കുകയാണ്.
പാലായില്‍ നിന്ന് കൂത്താട്ടുകുളത്തേക്കുള്ള പ്രധാന റോഡായതിനാല്‍ ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നു. അപകടത്തില്‍ കൈവരിക്കൊപ്പം പാലത്തിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് തോട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തകര്‍ന്ന ഭാഗത്തിന് സമീപം വരെ വെള്ളമെത്തുന്നതായും സംരക്ഷണഭിത്തിയിലെ കല്ലുകള്‍ ഓരോന്നായി തോട്ടിലേക്ക് ഇടിഞ്ഞുവീഴുന്നതായും പരിസരവാസികള്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ പാലത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നടയാത്രക്കാരും ഈ റോഡിനെ ആശ്രയിക്കുന്നു. കൂടാതെ രാമപുരം നാലമ്പലങ്ങളിലേക്കും ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലേക്കും രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിലേക്കും എത്തുന്ന തീര്‍ഥാടകരും ഈ വഴിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ശബരി പാതയാണെന്ന പ്രത്യേകതയും ഈ റോഡിനുണ്ട്.
അപകടസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ പുതുവേലി പാലത്തിന്റെ തകര്‍ന്ന കൈവരി അടിയന്തരമായി പുനഃസ്ഥാപിക്കുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
വാഹനം ഇടിച്ചു തകര്‍ന്ന പുതുവേലി പാലത്തിന്റെ കൈവരി എത്രയുംവേഗം പുനസ്ഥാപിക്കണമെന്ന് പാലാ ജനകീയ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു.

.jpeg)

.jpg)


0 Comments