സുനില്‍ പാലാ
ബല്‍ജിയത്തില്‍ നടക്കുന്ന പാരാ ഹോക്കി വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മരിയസദനത്തിലെ ലിസ്യൂസദനം വിദ്യാര്‍ത്ഥി സൂരജ് ബിജുവിന് നാളെ വൈകിട്ട് 5 ന് പാലാ മരിയ സദനത്തില്‍ അനുമോദനം നല്‍കും.
പാലാ മരിയസദനത്തിലെ ലിസ്യു സദനം എന്ന കുട്ടികളുടെ ഭവനത്തില്‍ നിന്ന് പഠിച്ചു വളര്‍ന്നുവന്ന സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ്.
സൂരജിനെയും അച്ഛന്‍ ബിജുവിനെയും മുന്‍ വനിതാ കമ്മീഷന്‍ അംഗമായ പ്രൊഫ. ഡോ. പ്രമീള ദേവിയും, മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേര്‍ന്നാണ് മരിയ സദനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിച്ചത്.
ഇടപ്പാടി സ്നേഹാരാം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന സൂരജിനു ട്രെയിനിങ് നല്‍കിയിരുന്നത് അല്ലി എന്ന അധ്യാപികയായിരുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയും അതിജീവിച്ച്, പിതാവിനെ ശുശ്രൂഷിച്ചുകൊണ്ടും തന്റെ പഠനവും കായികപരിശീലനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി. പാലാ മരിയ സദനത്തിന്റെ സ്നേഹപരിപാലനത്തില്‍ വളര്‍ന്ന സൂരജ് ഇന്ന് ലോകവേദിയിലേക്കുള്ള തന്റെ സ്വപ്നയാത്ര സാക്ഷാത്കരിച്ചിരിക്കുകയാണ്.
ഇത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല; നിശ്ചയദാര്‍ഢ്യത്തിന്റെയും അധ്വാനത്തിന്റെയും പ്രത്യാശയുടെയും വിജയകഥ കൂടിയാണെന്ന് മരിയസദനം സന്തോഷ് പറഞ്ഞു.
2026 ഫെബ്രുവരിയില്‍ കോട്ടയം ജില്ലയില്‍ നിന്ന് കേരള പാര ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ്, ഹരിയാനയില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും, കേരള ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
തുടര്‍ന്ന് ഫരിദാബാദ്, ഗ്വാലിയര്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ആറോളം ദേശീയ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്ത് തന്റെ അസാമാന്യമായ കഴിവ് തെളിയിച്ച സൂരജ്, ബല്‍ജിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഓഗസ്റ്റ് 9-ന് സൂരജ് കേരളത്തില്‍ നിന്ന് ഫരിദാബാദിലെ ദേശീയ പരിശീലന ക്യാമ്പിലേക്ക് യാത്രതിരിക്കും. അവിടെ അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം, ഓഗസ്റ്റ് 19-ന് ഇന്ത്യന്‍ ടീമിനോടൊപ്പം ബെല്‍ജിയം നെതര്‍ലാന്‍ഡ്സില്‍ നടക്കുന്ന അന്താരാഷ്ര മത്സരത്തില്‍ പങ്കെടുക്കും.

.jpeg)

.jpg)


0 Comments