സുനില്‍ പാലാ
മഴക്കെടുതിയുടെ രൂക്ഷതയൊന്ന് കുറഞ്ഞോട്ടെ എന്നുകരുതിയാണ് പറയാന്‍ അല്പം വൈകിയത്; പ്രളയത്തെ തുടര്‍ന്ന് മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമായ പാലായില്‍ അധികാരികള്‍ തമ്മിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗുരുതരമായ പ്രശ്നങ്ങള്‍.
റവന്യു അധികാരികള്‍ അറിയാതെയുള്ള ക്യാമ്പുകള്‍... ഇത്തരം ക്യാമ്പുകളില്‍ ഭക്ഷണം സമയത്ത് കിട്ടാത്ത അവസ്ഥ... തുടങ്ങി ഒട്ടേറെ കൃത്യവിലോപങ്ങളാണ് അധികാരികളുടെ അനാസ്ഥയും ഏകോപനമില്ലായ്മയും മൂലം സംഭവിച്ചത്.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും പ്രളയം സംഭവിക്കുന്ന പാലായില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റിലുള്ള അറിവ് കുറവുമൂലമാണോ ഇത്തരം പിഴവുകള്‍ സംഭവിച്ചത് എന്നത് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
പാലാ അല്‍ഫോന്‍സാ കോളേജില്‍ ഫയര്‍ഫോഴ്സ് സംഘമാണ് മുപ്പത് പേരെ എത്തിച്ചത്. ഇവര്‍ക്ക് യഥാസമയം ഭക്ഷണം കിട്ടിയില്ലായെന്ന പരാതിയാണുണ്ടായത്. തുടര്‍ന്ന് ക്യാമ്പില്‍ കഴിഞ്ഞവര്‍ മാണി സി. കാപ്പന്‍ എം.എല്‍.എ.യെ ബന്ധപ്പെടുകയും എം.എല്‍.എ. പാലാ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുലിനെ വിവരം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഫയര്‍ഫോഴ്സിന് മാത്രമേ ഇവിടേയ്ക്ക് അവരുടെ റസ്‌ക്യൂ ബോട്ടില്‍ എത്തിച്ചേരാനാകുമായിരുന്നുള്ളൂ. ഭക്ഷണമെത്തിക്കാമെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ക്യാമ്പില്‍ കഴിഞ്ഞവര്‍ പറഞ്ഞത്. എന്നാല്‍ ഫയര്‍ഫോഴ്സിന്റെ റെസ്‌ക്യൂ ബോട്ട് എത്താന്‍ വൈകിയത് മൂലം ഇവിടേയ്ക്കുള്ള പ്രഭാതഭക്ഷണം രണ്ടര മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
അതുപോലെതന്നെ പാലാ നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ തുടങ്ങിയ ക്യാമ്പ് റവന്യു അധികാരികള്‍ക്ക് അറിയാനേ സാധിച്ചില്ല. പിന്നീടാണ് റവന്യു അധികാരികള്‍ ഈ ക്യാമ്പുകളെക്കുറിച്ച് കേട്ടറിഞ്ഞത്. ഏകോപനമില്ലായ്മയ്ക്ക് ഇത്തരം ഉദാഹരണങ്ങള്‍ ധാരാളം. തുടര്‍ന്നും മഴക്കാലത്തിന് മുമ്പുതന്നെ ബന്ധപ്പെട്ട അധികാരികളെ വിളിച്ചു ചേര്‍ത്ത് ഓരോരുത്തര്‍ക്കും നിക്ഷിപ്ത അധികാരങ്ങള്‍ വീതിച്ച് നല്‍കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ ആകെ താറുമാറാകുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
.jpg)
.jpeg)
.jpg)



0 Comments