സുനില്‍ പാലാ
രാത്രിയുടെ മറവില്‍ തോടനാലില്‍ നിന്ന് മുത്തോലിയിലേക്ക് കള്ളന്‍മാരുടെ 'റൂട്ട് മാര്‍ച്ച്'. പാലാ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വിവിധ സ്ഥലങ്ങളിലായി നാലിടങ്ങളില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.
തോടനാലില്‍ പുലര്‍ച്ചെ 1.15 ന് ആരംഭിച്ച മോഷണ പരമ്പര 3.45 ഓടെ മുത്തോലി കടവിലാണ് അവസാനിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാകുന്നു. തോടനാലിലെ സ്റ്റേഷനറി കടയിലും ക്ലബ്ബിലും മേവടയിലെ സ്റ്റേഷനറി കടയിലും മുത്തോലി കടവിലെ സൂപ്പര്‍മാര്‍ക്കറ്റിലുമാണ് മോഷണവും മോഷണശ്രമങ്ങളും നടന്നത്.
വിവിധ കടകളില്‍ നിന്നായി ഏകദേശം 15,000 രൂപയും ഏതാനും സാധനങ്ങളും നഷ്ടപ്പെട്ടതായാണ് പ്രഥമിക വിവരം.
രാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരേ സംഘമാണ് വിവിധ സ്ഥലങ്ങളില്‍ മോഷണശ്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തോടനാലില്‍ തുടങ്ങി മേവട വഴി മുത്തോലിയിലേക്ക്
തോടനാലില്‍ നിന്നാണ് മോഷ്ടാക്കളുടെ രാത്രിയിലെ 'റൂട്ട് മാര്‍ച്ച്' ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് മേവടയിലും പിന്നീട് മുത്തോലി കടവിലുമെത്തി സ്ഥാപനങ്ങളില്‍ കയറിയെന്നാണ് സൂചന.
കടകളുടെ വാതിലുകളും മറ്റും തകര്‍ത്താണ് അകത്ത് കടക്കാന്‍ ശ്രമിച്ചത്. മുത്തോലി കടവിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗ്രില്ലിലെ രണ്ട് പൂട്ടുകള്‍ ശരവേഗത്തില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ഒരേ രാത്രിയില്‍ ഏതാനും കിലോമീറ്റര്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണശ്രമങ്ങള്‍ നടന്നത് വ്യാപാരികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ആശങ്കയായിട്ടുണ്ട്.
'ഓപ്പറേഷന്‍' സി.സി.ടി.വിയില്‍ പതിഞ്ഞു
മോഷ്ടാക്കളുടെ നീക്കങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് നിര്‍ണായക തെളിവായി. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വിവിധ സ്ഥാപനങ്ങളുടെ പരിസരത്ത് എത്തുന്നതും മോഷണശ്രമം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മോഷണശ്രമം നടന്ന സ്ഥാപനങ്ങളിലെ ക്യാമറകള്‍ക്കു പുറമെ സമീപത്തെ റോഡുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ സഞ്ചരിച്ച വഴിയും ബൈക്കിന്റെ സഞ്ചാരപാതയും കണ്ടെത്തുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കള്‍ എത്തിയ ബൈക്ക്, സഞ്ചരിച്ച വഴികള്‍, ഇവര്‍ നേരത്തെ സമാനമായ മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളെ ഉടന്‍ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. മോഷണശ്രമം നടന്ന നാലിടങ്ങളിലെയും വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
.png)



.jpg)


0 Comments