സുനില്‍ പാലാ
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 17 അംഗ സംയുക്ത കൂട്ടുകെട്ട് മായാ രാഹുലിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ട് ധാരണയായെങ്കിലും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജു മാത്യൂസിനെ സ്ഥാനാര്‍ത്ഥിയാക്കണമോ എന്നത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് സംയുക്ത കൂട്ടുകെട്ടിലെ ഇടതുമുന്നണി അഭിപ്രായപ്പെടുന്നു.
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാരും തമ്മില്‍ ധാരണയിലെത്തിയെങ്കിലും, വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുക്കുന്നതായാണ് സൂചന.
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിനായി മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാരുമായി ധാരണയുള്ളതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു പാലൂപ്പടവില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല.
ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാവരുമായും ആലോചിച്ചശേഷമേ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും ബിജു പാലുപടവില്‍ വിശദീകരിച്ചു. ഇതേ സമയം ഈ തീരുമാനം കോണ്‍ഗ്രസ് വിമതര്‍ക്കിടയില്‍ അതൃപ്തിക്ക് ഇടയാക്കിയതായാണ് വിവരം.
ബിജു മാത്യൂസിനെ വൈസ് ചെയര്‍മാനാക്കാന്‍ വിമതരുടെ നീക്കം
തങ്ങളുടെയൊപ്പമുള്ള ബിജു മാത്യൂസിനെ വൈസ് ചെയര്‍മാനാക്കണമെന്നാണ് കോണ്‍ഗ്രസ് വിമത വിഭാഗത്തിന്റെ ആഗ്രഹം. ഭരണത്തിന് പിന്തുണയ്ക്കുമെങ്കിലും ഒരു സ്ഥാനവും ചോദിക്കില്ലെന്നും ഭരണത്തില്‍ പങ്കാളികളാകില്ലെന്നും ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുള്ള കാര്യവും വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന എല്‍.ഡി.എഫ് നിലപാട് വന്നതോടെ വിമതരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പാക്കിയ ശേഷം വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റൊരു ഫോര്‍മുല മുന്നോട്ടുവയ്ക്കാനുള്ള നീക്കമാണോ ഇടതുമുന്നണിയുടേതെന്ന സംശയവും വിമത വിഭാഗത്തില്‍ നിന്നുയരുന്നുണ്ട്.
ആദ്യം ചെയര്‍പേഴ്സണ്‍; ബാക്കി പിന്നീട്
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു ധാരണയും ഉണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇടതുമുന്നണിയിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പിന് ശേഷം നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി മാത്രമേ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്ന വിമത അംഗങ്ങള്‍ക്ക് ഭരണത്തില്‍ വ്യക്തമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് വിമതരിലെ ഒരു വിഭാഗം. ഇതോടെ ''ചെയര്‍മാന്‍ ധാരണ ഒന്ന്, വൈസ് ചെയര്‍മാന്‍ ധാരണ മറ്റൊന്ന്'' എന്ന രീതിയിലേക്ക് നഗരസഭയിലെ അധികാര ചര്‍ച്ചകള്‍ മാറുകയാണ്.
.jpg)



%20(1).jpg)


0 Comments