വികസനവും മതേതരത്വവും ഉയർത്തിപ്പിടിച്ച് പുതുയുഗ കേരളത്തിനായി അണിനിരക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ



വികസനവും മതേതരത്വവും ഉയർത്തിപ്പിടിച്ച് പുതുയുഗ കേരളത്തിനായി അണിനിരക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ 

സ്വാതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് കേരളത്തിന്റെ നയങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ദുരന്തമുഖങ്ങളെ അതിജീവിച്ച കേരളത്തിന്റെ ഇച്ഛാശക്തി ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, നിരവധി സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തങ്ങളെ അനുസ്മരിക്കുകയും നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും കഴിയില്ലെന്നും വ്യക്തമാക്കി. സർക്കാർ ആ കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്നും, പ്രളയദുരന്തങ്ങൾ ശാസ്ത്രീയമായി നേരിടാനുള്ള സംവിധാനങ്ങൾ എല്ലാവരുടെയും പിന്തുണയോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരിൽ തലമുതിർന്ന നേതാക്കൾപോലും അപമാനിക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് വ്യക്തമാക്കി. ഭരണഘടനാ തത്വങ്ങൾക്കും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ അണിനിരക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


പ്രകൃതിക്ക് ഇണങ്ങുന്നതും കാലാവസ്ഥാ മാറ്റം കണക്കിലെടുത്തുള്ളതുമായ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിന്റെ ഫലം ഏതാനും പേർക്കല്ല, സർവതലസ്പർശിയായി എല്ലാവരിലേക്കും എത്തണം. മുതിർന്ന പൗരന്മാർ, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ക്ഷേമം ഔദാര്യമല്ല, അവകാശമാണ്.


 പുതുതലമുറയ്ക്ക് പഠിക്കാനും തൊഴിലെടുക്കാനും അവസരമൊരുക്കണം. ലഹരിയെ പടിയിറക്കി നാട്ടിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ജനാധിപത്യം എന്നത് ഏകവിളത്തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തുന്നതല്ലെന്നും, തുറന്ന മനസ്സും സഹിഷ്ണുതയും സംവാദവും ചേർന്ന കരുത്തുറ്റ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാൻ എല്ലാവരും കാവൽക്കാരായി മാറണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗം ഉപസംഹരിച്ചത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments