പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ തുടരുന്ന അപകടം, യാത്രക്കാരും ഏറെ ശ്രദ്ധിക്കണം...




സുനില്‍ പാലാ

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ തുടരുന്ന അപകടം, യാത്രക്കാരും ഏറെ ശ്രദ്ധിക്കണം... 

പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ സ്വകാര്യബസ് തട്ടി വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം വയലില്‍കരയില്‍ ഹൈമവതിയമ്മ (84) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ഭാഗത്തായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി നടന്നുനീങ്ങിയ വയോധിക ബസ് തട്ടി വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഹൈമവതിയമ്മയുടെ തലയ്ക്കാണ് പരിക്കേറ്റത്.  സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പാലാ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


നാല് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് അപകടം, മരണം

ബസ് സ്റ്റാന്‍ഡിലെ ഈ ഭാഗത്ത് അപകടം സംഭവിക്കുന്നത് ഇതാദ്യമല്ല. ഏകദേശം നാല് വര്‍ഷം മുമ്പ് ഇതേ ഭാഗത്ത് ബസ് ഇടിച്ച് മറ്റൊരു സ്ത്രീ മരിച്ചിരുന്നു. ബസില്‍ നിന്നും ഇറങ്ങി റോഡ് കുറുകെ കടക്കവെയാണ് അന്ന് ഈ സ്ത്രീയെ ബസിടിച്ചത്. അതിനുശേഷവും ഇവിടെ അപകടസാധ്യത നിലനില്‍ക്കുകയാണ്.

പ്രത്യേകിച്ച് പ്രായമായ യാത്രക്കാരാണ് ഈ ഭാഗത്ത് അപകടത്തില്‍പ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം എതിര്‍വശത്തേക്ക് കടക്കുന്നതിനിടെയാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ ബസില്‍ നിന്നിറങ്ങി വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കയറണമെങ്കില്‍ പ്രായമായവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ബസ് സ്റ്റാന്‍ഡിലെ ഈ ഭാഗം ഒരു അപകടമേഖലയായി പരിഗണിച്ച് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിതമായി ബസ് ഇറങ്ങി മറുവശത്തേക്ക് കടക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്.

ബസുകള്‍ നിര്‍ത്തുന്ന സ്ഥലത്തും യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തും വ്യക്തമായ സീബ്ര ക്രോസിങ്, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷാ ബാരിക്കേഡുകള്‍, ആവശ്യമായിടത്ത് ട്രാഫിക് നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അധികൃതര്‍ അടിയന്തരമായി ആലോചിക്കണമെന്ന ആവശ്യമുയരുകയാണ്.

ഇന്നലത്തെ അപകടം ഗുരുതരമായ മറ്റൊരു ദുരന്തത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള മുന്നറിയിപ്പായാണ് നഗരവാസികളും യാത്രക്കാരും കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ടും അപകടസാധ്യതയ്ക്ക് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നതാണ് പ്രധാന വിമര്‍ശനം.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments