ഒന്നനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ..... മരണമുറപ്പിച്ച നിമിഷം.....മരണത്തില്‍ നിന്നും ആ വിടവിലൂടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറി തങ്കരാജ്



 ഇടുക്കി ചെമ്മണ്ണിലെ തങ്കരാജിന് ഇപ്പോഴും ഭീതി മാറിയിട്ടില്ല. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തങ്കരാജിനൊപ്പം കുടുംബത്തിലെ ആറ് പേരാണ് എലപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാല് മണി കഴിഞ്ഞപ്പോള്‍ എന്തോ ശബ്ദം കേട്ടെഴുന്നേറ്റപ്പോഴാണ് ഇടിഞ്ഞിറങ്ങുന്ന മണ്ണിന്റെ ഭീതിപ്പെടുത്തുന്ന രംഗം കാണുന്നത്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകനെക്കൂടി വിളിച്ചുണര്‍ത്തി. ഭയന്ന് അലമുറയിട്ട് കരഞ്ഞ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മകനോട് വിളിച്ചു പറഞ്ഞു. 


 മകന്‍ കുഞ്ഞുങ്ങളേയും കൊണ്ട് പുറത്തേയ്ക്ക് ഓടി. എന്നാല്‍ തങ്കരാജ് വീട്ടില്‍ കുടുങ്ങി. എല്ലാവരോടും ഓടി രക്ഷപ്പെടാന്‍ അപ്പോഴും തങ്കരാജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. കട്ടിലിനടിയില്‍ കുടുങ്ങിപ്പോയ തങ്കരാജ് കയ്യില്‍ കിട്ടിയ ഫോണ്‍ എടുത്ത് ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്തു. അപ്പോഴേയ്ക്കും തങ്കരാജിന്റെ മുറി ഏറെക്കുറെ ഇടിഞ്ഞു പോയിരുന്നു. പുറത്തിറങ്ങാന്‍ ഒരു വഴിയുമില്ല. 


ഫോണ്‍ എടുത്ത് അറിയാവുന്ന ആരെയൊക്കെയോ വിളിച്ചു. എല്ലാവരും ഉടന്‍ എത്താമെന്ന് മറുപടി പറഞ്ഞു. അപ്പോഴേയ്ക്കും അടുത്തുണ്ടായിരുന്ന ഭിത്തി തന്റെ നേര്‍ക്ക്് നീങ്ങിത്തുടങ്ങിയിരുന്നു. പുറത്ത് മകന്‍ ഉള്‍പ്പെടെ പലരും സംസാരിക്കുന്നത് കേള്‍ക്കാം. പക്ഷേ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ. മരണമുറപ്പിച്ച നിമിഷം.


 തൊടുപുഴയില്‍ വിവാഹം കഴിപ്പിച്ചയച്ച മകളെ ഫോണില്‍ വിളിച്ചു. അപ്പോഴാണ് സുഹൃത്ത് മനോജിന്റെ വിളി. കയ്യിലെ ഫോണില്‍ നിന്നുമുള്ള ടോര്‍ച്ച് അടിച്ച് കാണിച്ചു. കയ്യില്‍ കിട്ടിയ ചെറിയ കമ്പികൊണ്ട് ഭിത്തി തുരന്നു. തങ്കരാജിന് ജീവന്‍ തിരികെ കിട്ടിയ നിമിഷം. മരണത്തില്‍ നിന്നും ആ വിടവിലൂടെ തങ്കരാജ് ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറി. 



 പുറത്തെത്തിയപ്പോഴേയ്ക്കും ആ പ്രദേശം ഒന്നാകെ വെള്ളം മൂടിയിരുന്നു. പുറത്തെത്തി നിമിഷങ്ങള്‍ക്കകം മണ്ണ് കുത്തിയൊലിച്ചിറങ്ങി. തങ്കരാജ് നിന്ന സ്ഥലത്തെല്ലാം മണ്ണ് മൂടി. തങ്കരാജും മകനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് മണ്ണിനടിയിലായി. ജീവന്‍ മാത്രം തിരിച്ചു കിട്ടിയെന്നല്ലാതെ ഒരായുസു മുഴുവനുമുള്ള സമ്പാദ്യമെല്ലാം ഒലിച്ചു പോവുകയായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments