സുനില്‍ പാലാ
പോലീസുകാരും മനുഷ്യരല്ലേ? അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും വേണ്ടേ?
രണ്ടേക്കറോളം സ്ഥലമുള്ള പാലാ പോലീസ് സ്റ്റേഷനില്‍ കെട്ടിടങ്ങള്‍ ശോചനീയം; ഉദ്യോഗസ്ഥര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. പുതുതായി ചുമതലയേറ്റ സി.ഐയ്ക്ക് ഇതേവരെ ഓഫീസ് ഒരുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സി.ഐ. ഇപ്പോഴും ഡി.വൈ.എസ്.പി. ഓഫീസിലാണ് തങ്ങുന്നത്.
നിയമപാലകരായ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ് പാലാ പോലീസ് സ്റ്റേഷന്‍. രണ്ടേക്കറോളം സ്ഥലമുള്ള സ്റ്റേഷന്‍ പരിസരത്ത് നിലവിലുള്ള മൂന്ന് കെട്ടിടങ്ങളില്‍ രണ്ടെണ്ണം ശോചനീയാവസ്ഥയിലാണെന്നും ഉദ്യോഗസ്ഥര്‍ക്ക് നിന്ന് തിരിയാനോ വിശ്രമിക്കാനോ പോലും മതിയായ സൗകര്യമില്ലെന്നുമാണ് ഉയരുന്ന പരാതി.
സ്റ്റേഷന്‍ വളപ്പിലെ സ്ഥലത്തിന്റെ ചില ഭാഗങ്ങള്‍ ചിലര്‍ കൈയ്യേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇതുമൂലം പോലീസിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സ്ഥലം ചുരുങ്ങിയതായും പറയപ്പെടുന്നു.
നിലവിലുള്ള കെട്ടിടങ്ങളില്‍ ഡിവൈ.എസ്.പി. ഓഫീസുള്ള കെട്ടിടം മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട നിലയിലുള്ളത്. പോലീസ് സ്റ്റേഷനും മറ്റ് അനുബന്ധ കെട്ടിടങ്ങളും കാലപ്പഴക്കത്തിന്റെ അവശതകള്‍ പ്രകടമാക്കുകയാണ്. ദിവസവും നൂറുകണക്കിന് ആളുകള്‍ എത്തുന്ന സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഇരിക്കാനോ വിശ്രമിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ പോലും പരിമിതമാണ്.
നിലവിലെ ട്രാഫിക് യൂണിറ്റ് മാറ്റാന്‍ നീക്കം
നിലവില്‍ ട്രാഫിക് പോലീസിന്റെ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഓഫീസ് സി.ഐ. ഓഫീസിനായി തയ്യാറാക്കുകയാണിപ്പോള്‍. ട്രാഫിക് പോലീസിനെ ഇതേ കെട്ടിടത്തിന്റെ പിറകിലുള്ള ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റാനുള്ള ആലോചനയിലാണ്. എന്നാല്‍ ആ കെട്ടിടം പ്രവര്‍ത്തനയോഗ്യമാക്കാന്‍ അറ്റകുറ്റപ്പണികളും ഫര്‍ണിഷിങ് ജോലികളും ഉള്‍പ്പെടെ നിരവധി ക്രമീകരണങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനുള്ള തുക എവിടുന്ന് ലഭിക്കുമെന്ന് ആര്‍ക്കുമറിയില്ലതാനും.
ആധുനിക പോലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്ന് ആവശ്യം
24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് വിശ്രമമുറി, വനിതാ പോലീസുകാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, മതിയായ ഓഫീസ് മുറികള്‍, സുരക്ഷിതമായ റെക്കോര്‍ഡ് റൂം, വാഹന പാര്‍ക്കിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പോലീസ് സ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.




0 Comments