ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശത്തെ കവിതയിലൂടെ ജനഹൃദയങ്ങളിലെത്തിച്ച മഹാകവി കുമാരനാശാന്റെ ശാശ്വതസ്മാരകമായി പാലാ തെക്കേക്കരയിലെ കുമാരനാശാന് സ്മാരക പാര്‍ക്കില്‍ പൂര്‍ണ്ണകായ പ്രതിമ ഉയരുന്നു. പാലാ നഗരത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന ഈ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് 13-ന് രാവിലെ 8.30 നും 9.15 മധ്യേ നടക്കും. പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ തറക്കല്ലിടും.
തെക്കേക്കര പാര്ക്കിന് മഹാകവി കുമാരനാശാന്റെ പേര് നല്‍കുകയും തുടര്‍ന്ന് അവിടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുകയും ചെയ്യുന്ന തീരുമാനം ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ ചരിത്രമുഹൂര്‍ത്തമാണെന്ന് എസ്.എന്‍.ഡി.പി. യോഗം പാലാ തെക്കേക്കര ശാഖാ പ്രസിഡന്റ് എ.എസ്. ജയകുമാര്‍, സെക്രട്ടറി ഷിബു കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് ജോഷി പരമല എന്നിവര്‍ പറഞ്ഞു. സാഹിത്യത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും പ്രതീകമായ ആശാന്റെ സ്മരണ പാലായുടെ ഹൃദയഭാഗത്ത് ശാശ്വതമായി നിലനില്‍ക്കുന്ന തരത്തില്‍ സ്മാരകം യാഥാര്‍ഥ്യമാകുന്നത് സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തിന് വലിയ സംഭാവനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാലാ നഗരസഭയ്ക്ക് അഭിനന്ദനം
കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പാലാ നഗരസഭയുടെ മുന്‍കാലത്തെയും നിലവിലെയും മുഴുവന്‍ ഭരണസമിതിയംഗങ്ങളെയും പാലാ തെക്കേക്കര, ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖാ നേതാക്കളും പ്രവര്‍ത്തകരും അഭിനന്ദിച്ചു.
പ്രശസ്ത ശില്പി കുറിഞ്ഞി വടക്കേടത്ത് രാജീവ് മാധവനാണ് മഹാകവി കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മിക്കുന്നത്. ആശാന്റെ വ്യക്തിത്വവും കാവ്യപ്രതിഭയും നവോത്ഥാന ചിന്തകളും പ്രതിഫലിപ്പിക്കുന്ന കലാപരമായ രൂപകല്പനയോടെയാണ് പ്രതിമ ഒരുക്കുന്നത്.
ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
പ്രതിമയുടെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി ബൈജു കൊല്ലംപറമ്പില്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടോണി തൈപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ സനില്‍ രാഘവന്, നഗര വികസന മുന്നണി കണ്‍വീനര്‍ ബിജു പാലുപ്പടവില്‍ എന്നിവര്‍ അറിയിച്ചു.
പാലായുടെ സാംസ്കാരിക മുഖച്ഛായയ്ക്ക് കൂടുതല്‍ മികവ് പകരുന്നതോടൊപ്പം ശ്രീനാരായണീയരുടെ ആത്മാഭിമാനത്തിന്റെയും നവോത്ഥാന പാരമ്പര്യത്തിന്റെയും പ്രതീകമായി ഈ സ്മാരകം മാറുമെന്ന പ്രതീക്ഷയിലാണ് പാലാ തെക്കേക്കരയിലെയും ടൗണ്‍ ശാഖയലെയും പ്രവര്‍ത്തകര്‍.
തറക്കല്ലിടല്‍ ചടങ്ങില്‍ തെക്കേക്കര എസ്.എന്‍.ഡി.പി. ശാഖാ നേതാക്കളായ ഷിബു കല്ലറയ്ക്കല്‍, എ.എസ്. ജയകുമാര്‍, ജോഷി പരമല, മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍ രാഘവന് തുടങ്ങിയവര്‍ പങ്കെടുക്കും.



0 Comments