പത്രപ്രവര്‍ത്തനത്തില്‍ ജോജോയ്ക്ക് തുണയായിരുന്ന ലിസിയും യാത്രയായി......



പത്രപ്രവര്‍ത്തനത്തില്‍ ജോജോയ്ക്ക് തുണയായിരുന്ന ലിസിയും യാത്രയായി......

സി.ജി. ഡാൽമി 
(റിപ്പോർട്ടർ , മംഗളം)

 മംഗളത്തിന്റെ മികച്ച പത്രപ്രവര്‍ത്തകരിലൊരാളായിരുന്ന കുറവിലങ്ങാടിന്റെ സ്വന്തം ജോജോ ആളോത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന് താങ്ങും തണലുമായിരുന്ന പ്രിയതമ ലിസി ജോജോയും ജീവിതത്തില്‍ നിന്ന് വിടവാങ്ങി.


ജീവിതത്തില്‍ തുണയായി നിന്നതിനൊപ്പം ജോജോയുടെ പത്രപ്രവര്‍ത്തനജീവിതത്തിനും ലിസിയുടെ പിന്തുണയും സേവനവും ഏറെയായിരുന്നു.കാല്‍നൂറ്റാണ്ടിലേറെകാലം മംഗളം കുറവിലങ്ങാട് ലേഖകനായിരുന്ന ജോജോ ആളോത്ത് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായി.മംഗളത്തിന്റെ ആദ്യകാല പത്രപ്രവര്‍ത്തകരിലൊരാളായ ജോജോയെ രണ്ടര വര്‍ഷം മുന്‍പ് അര്‍ബ്ബുദം കീഴടക്കുന്നതുവരെ കര്‍മ്മനിരതനായിരുന്നു.പന്ത്രണ്ട് വര്‍ഷം മുന്‍പ് മംഗളം കുറവിലങ്ങാട് ബ്യൂറോയില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കിയപ്പോള്‍ വാര്‍ത്തകള്‍ ടൈപ്പ് ചെയ്യുന്നതിന് ജോജോ ഒപ്പം കൂട്ടിയത് മറ്റാരേയുമായിരുന്നില്ല.സ്വന്തം സഹധര്‍മ്മിണി ലിസിയെ.തികച്ചും വീട്ടമ്മയായി വീട്ടുകാര്യവും കുട്ടികളുടേയും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടേയുമൊക്ക കാര്യങ്ങള്‍ നോക്കിയിരുന്ന ലിസി അവിചാരിതമായാണ് മംഗളം കുറവിലങ്ങാട് ബ്യുറോയില്‍ ജോലിക്കെത്തിയത്.കമ്പ്യൂട്ടറില്‍ കാര്യമായ പരിചയമൊന്നുമില്ലാതിരുന്ന ലിസി പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതും ഭര്‍ത്താവ് ജോജോ പറഞ്ഞുകൊടുത്ത് ടൈപ്പ് ചെയ്ത വാര്‍ത്തകളിലൂടെയായിരുന്നു.ദിവസവും ജോജോ പറഞ്ഞ് കൊടുക്കുന്ന വാര്‍ത്തകള്‍ ടൈപ്പ് ചെയ്ത് മംഗളം പാലാ ബ്യൂറോയിലേക്കും കോട്ടയം ബ്യൂറോയിലേക്കും അയയ്ക്കാന്‍ തുടങ്ങിയതോടെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ മികച്ച രീതിയില്‍ വാര്‍ത്തകള്‍ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ ലിസി ഭംഗിയായി പഠിച്ചു.വീട്ടമ്മ മാത്രമായിരുന്ന ലിസി വളരെ പെട്ടെന്നാണ് വാര്‍ത്തകളുടെ  ഭാഷയും ശൈലിയുമൊക്കെ സ്വായത്തമാക്കിയത് എന്നത് അത്ഭുതം തന്നെയാണ്.ജോജോ എവിടെയെങ്കിലും യാത്രയിലായിരിക്കുമ്പോള്‍ പോലും കൃത്യമായ ശൈലിയില്‍ വാര്‍ത്തകള്‍ തയ്യാറാക്കി ബ്യൂറോയിലേക്ക് അയയ്ക്കാനും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ചോദിച്ച് മനസിലാക്കാനും പെട്ടെന്ന് തന്നെ തിരുത്തലുകള്‍ വരുത്താനുമൊക്കെ അസാമാന്യമായ കഴിവായിരുന്നു ലിസിയിലെ പത്രപ്രവര്‍ത്തക മനസിന്.ജോജോയെ രണ്ട് വര്‍ഷം മുന്‍പ് അര്‍ബ്ബുദം പിടികൂടും മുന്‍പ്് ലിസിയെയും അര്‍ബ്ബുദം ബാധിച്ചിരുന്നുവെങ്കിലും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമായി സുഖം പ്രാപിച്ചിരുന്നു.അപ്പോഴും ചികിത്സാ കാലയളവിലൊഴികെ മറ്റെല്ലാ സമയത്തും കുറവിലങ്ങാട്ടുനിന്നും വാര്‍ത്തകള്‍ തയ്യാറാക്കി എഡിറ്റ് ചെയ്ത് അയച്ചിരുന്നതും ലിസിയായിരുന്നു.ഓഫീസില്‍ ശാരീരിക ബുദ്ധിമുട്ടുമൂലം എത്താനാവാതിരുന്ന അവസരത്തില്‍ പോലും വീട്ടിലെ കമ്പ്യൂട്ടറില്‍ ജോലിചെയ്തായിരുന്നു കര്‍മ്മനിരതയായ ലിസി മംഗളത്തിന് വേണ്ടി വാര്‍ത്തകള്‍ അയച്ചിരുന്നത്.



രണ്ട് വര്‍ഷം മുന്‍പ് ജോജോ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയതോടെ
ലിസിയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും നേരിയ വ്യത്യാസങ്ങള്‍വന്നു
തുടങ്ങിയെങ്കിലും ഭര്‍ത്താവിന്റെ പാത പിന്‍തുടര്‍ന്ന് മംഗളത്തിന് വേണ്ടി പ്രവര്‍ത്തനം തുടര്‍ന്നു.വീട്ടിലിരുന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് കൃത്യമായി പാലാ ബ്യൂറോയിലേക്ക് വാര്‍ത്ത അയക്കുന്നതില്‍ യാതൊരുമടിയും കാട്ടിയിരുന്നില്ല. അതോടൊപ്പം ജോജോ നിര്‍വ്വഹിച്ചിരുന്ന മംഗളത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.മാസങ്ങള്‍ക്ക് മുന്‍പ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറിയപ്പോഴാണ് വാര്‍ത്തകള്‍ അയയ്ക്കുന്നതില്‍ നിന്നും തന്നെ സ്വയം ഒഴിവായത്.
.തുടര്‍ന്ന് വീട്ടിലെ കാര്യങ്ങളില്‍ വ്യാപൃതയായിരുന്ന ലിസിയ്ക്ക് അടുത്തിടെരോഗം കലശലാവുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്നു. പെണ്‍മക്കള്‍ രണ്ട് പേരുടേയും വിവാഹ മനസമ്മതം അടുത്തിടെ കുറവിലങ്ങാട് പള്ളിയില്‍ ഒന്നിച്ച് നടത്തിയപ്പോഴും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സി.പി.ഐ നേതാവ് കൂടിയായിരുന്ന ജോജോയുടെ സുഹൃത്തുക്കളെ ഉള്‍പ്പെടെ എല്ലാവരെയും വിട്ടുപോവാതെ മകനെക്കൊണ്ട് വിളിപ്പിക്കാനും എത്തിച്ചേര്‍ന്ന എല്ലാവരേയും
കാണുകയും സ്‌നേഹാ ന്വേ
ഷണങ്ങള്‍ നടത്തുകയും ചെയ്തശേഷമാണ് ലിസി മടങ്ങിയത്.സൗമ്യതയുടെ മുഖമായിരുന്നു എന്നും ജോജോയെപ്പോലെ ലിസിയുടേയും. ഒരിക്കല്‍ പരിചയപ്പെട്ടവരെ ഓര്‍ത്തിരിക്കാനും അവരോട് സ്‌നേഹത്തോടെ പെരുമാറാനുമൊക്കെ ഒരു പത്രപ്രവര്‍ത്തകന്റെയും പൊതുപ്രവര്‍ത്തകന്റെയും ഭാര്യ എന്ന നിലയിലും അതീവ ശ്രദ്ധാലുവായിരുന്നു.കഴിഞ്ഞ ദിവസം രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലിസി വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.ഭൗതിക ദേഹം ഇന്നലെ ജീവിതത്തിന്റെ നാനാതുറകളിലുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുറവിലങ്ങാട് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.മംഗളത്തിന് വേണ്ടി മാനേജിങ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ് പുഷ്പചക്രം സമര്‍പ്പിച്ചു.ജോസ് കെ.മാണി എം.പി ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍മുണ്ടയ്ക്കല്‍,സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍,സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി.കെ
ശശിധരന്‍,നേതാക്കളായ ബാബു കെ.ജോര്‍ജ്, അഡ്വ.തോമസ് വി.ടി,ടി.എന്‍ രമേശന്‍, പി.കെ ഷാജകുമാര്‍,കെ.ആര്‍ ബാബു,കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, അംഗം മിനിമത്തായി തുടങ്ങി ഒട്ടേറെപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.മന്ത്രി മോന്‍സ് ജോസഫ് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.മന്ത്രിക്ക് വേണ്ടി ഭാര്യ സോണിയമോന്‍സ്് പുഷ്പചക്രം സമര്‍പ്പിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments