വീടിന്റെ ചലനങ്ങൾ നിരീക്ഷിച്ച് മോഷണം; തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ചു — പ്രതിയെ പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പോലീസ്
തിരുവാതിക്കലിൽ പുളിനാ ക്കൽ തൈപ്പറമ്പിൽ വീട്ടിൽ അലക്സാണ്ടർ തോമസിൻ്റെ വീട്ടിൽ മോഷണം; 15 പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ശാസ്ത്രീയ തെളിവുകളിലൂടെ പിന്തുടർന്ന പോലീസ് പ്രതിയെ കണ്ടെത്തി
കോട്ടയം: തിരുവാതിക്കലിൽ അലക്സാണ്ടർ ജേക്കബിന്റെ വീട്ടിൽ നടന്ന മോഷണക്കേസിൽ ആസൂത്രിതമായി കുറ്റകൃത്യം നടത്തിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവാതുക്കൽ വാഴേപ്പറമ്പിൽ പുളിച്ചിറപ്പറമ്പിൽ രാതുൽ പി. ലാൽജി (29) ആണ് അറസ്റ്റിലായത്. വീട്ടിലെ താമസക്കാരുടെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച്, വീട്ടിൽ ആരുമില്ലാത്ത സമയം മനസ്സിലാക്കിയ ശേഷമാണ് പ്രതി മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വീട്ടിൽ ആരുമില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയ പ്രതി, താമസക്കാരൻ കടയിലേക്ക് പോയ സമയത്താണ് മോഷണത്തിനായി വീട്ടിലെത്തിയത്. സമീപത്തെ വീട്ടിൽ ടൈൽ ജോലികൾ നടക്കുന്നതിന്റെ മറവിൽ പ്രതി പൂട്ടു പൊളിച്ചു. മോഷണത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിൽ നേരിട്ടുള്ള തെളിവുകൾ ആദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം വ്യാപിപ്പിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശദമായി പരിശോധിച്ച പോലീസ്, സംഭവസമയത്തെ സംശയാസ്പദമായ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ പതിനഞ്ചോളം പേരെ നിരീക്ഷണത്തിലാക്കി.
തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. സംശയാസ്പദമായവരുടെ വിശദവിവരങ്ങൾ വിവരങ്ങൾ പരിശോധിക്കുകയും ശാസ്ത്രീയ അന്വേഷണരീതികൾ അവലംബിക്കുകയും ചെയ്തതോടെ ഇയാളാണ് മോഷണത്തിന് പിന്നിലെന്ന വിവരം പോലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇന്ന് പുലർച്ചെ തിരുവാതിക്കൽ ഭാഗത്തെ വീട്ടിൽ നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 48,000 രൂപയും പോലീസ് കണ്ടെടുത്തു.
പോലീസ് പ്രതികരണം
«“തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലും അന്വേഷണം അവസാനിപ്പിക്കാതെ സംശയാസ്പദരായ നിരവധി പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. മോഷണത്തിനുശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.”»
മോഷണം നടത്തുന്നതിനും തുടർന്ന് തെളിവുകൾ നശിപ്പിക്കുന്നതിനുമായി പ്രതി സ്വീകരിച്ച നടപടികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം, കോട്ടയം ഡിവൈഎസ്പി കെ. ജി. അനീഷിന്റെ നേതൃത്വത്തിലും കോട്ടയം വെസ്റ്റ് ഇൻസ്പെക്ടറും എസ്.എച്ച്.ഒയുമായ അനൂപ് ജോസിന്റെ മേൽനോട്ടത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കോട്ടയം വെസ്റ്റ് എസ്.ഐ. ഗിരീഷ്, എ.എസ്.ഐ. സജി പി.സി., എസ്.സി.പി.ഒ. അജിത് എ.വി., സി.പി.ഒമാരായ അനുലാൽ, രാകേഷ് എസ്.ജെ., അരുൺകുമാർ എം.വി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
70 12 23 03 34


0 Comments