"പാലമല്ലാപ്പാലം'; പാലത്തേക്കാൾ വലിയ പരിഹാസമായി കളരിയാന്മാക്കൽ പാലം, കവിതയിലൂടെ ചുട്ടുപൊള്ളിച്ച് പ്രമുഖ കവിയും അദ്ധ്യാപക ശ്രേഷ്ഠനുമായ ചാക്കോ സി. പൊരിയത്ത് ..... എബി .ജെ . ജോസ് തയ്യാറാക്കിയ റിപ്പോർട്ട്
കോടികൾ ചെലവഴിച്ച് പാലം പണിതു. ഉദ്ഘാടനം കഴിഞ്ഞു. വർഷങ്ങൾ കടന്നുപോയി. പക്ഷേ ജനങ്ങൾക്ക് പാലം ഉപയോഗിക്കാൻ അപ്രോച്ച് റോഡില്ല. അതുകൊണ്ടുതന്നെ കളരിയാന്മാക്കൽ കടവ് പാലം ഇന്ന് വികസനത്തിന്റെ പ്രതീകമല്ല, പരിഹാസത്തിന്റെ പ്രതീകമാണെന്ന് ആക്ഷേപഹാസ്യ കവിതയിലൂടെ ചൂണ്ടിക്കാട്ടുകയാണ് അധ്യാപകനും പ്രമുഖ എഴുത്തുകാരനുമായ ചാക്കോ സി. പൊരിയത്ത്.
'പാലമല്ലാപ്പാലം' എന്ന കവിതയിൽ പാലം കരകളെ ബന്ധിപ്പിക്കുന്നതിനു പകരം "കരകളെ കൊഞ്ഞനംകുത്തി" ജലോപരിയിൽ നിൽക്കുകയാണെന്ന് കവി വരച്ചുകാട്ടുന്നു. പാലത്തിന് രണ്ടറ്റവും ഉണ്ടെങ്കിലും ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയില്ലാത്ത അവസ്ഥയെ "ത്രിശങ്കുവിൽ നിൽക്കുന്ന പാലം" എന്ന പ്രയോഗത്തിലൂടെ കൂർമ്മമായ പരിഹാസമാക്കി മാറ്റുന്നു.
"അഞ്ചേയഞ്ച് രൂപയ്ക്ക് പാലമല്ലാപ്പാലം കാണാം"
കവിതയിലെ ഏറ്റവും കുത്തേറിയ വരികളിലൊന്നാണ്, "പാലമല്ലാപ്പാലം കണ്ടിട്ട് മടങ്ങുവാൻ കേവലമഞ്ചേയഞ്ച് രൂപ മാത്രമേ വേണ്ടൂ" എന്നത്. ഉപയോഗിക്കാൻ കഴിയാത്ത പാലത്തെ ടൂറിസ്റ്റ് ആകർഷണമാക്കി കാണാമെന്ന ഈ പരിഹാസം, കോടികളുടെ പൊതുപണം മുടക്കിയിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത പദ്ധതികളെ നേരിട്ട് ചോദ്യം ചെയ്യുന്നതാണ്.
വികസനമെന്ന പേരിൽ നിർമ്മാണം പൂർത്തിയാക്കിയ ശേഷം അനുബന്ധ റോഡുകൾ ഒരുക്കാതെ വർഷങ്ങളോളം ഉപേക്ഷിക്കുന്ന സമീപനം പൊതുഖജനാവിനോടുള്ള അനാദരവാണെന്ന സന്ദേശമാണ് കവിത മുഴുവൻ നൽകുന്നത്.
പാലത്തിനപ്പുറം ഭരണത്തോടുള്ള ചോദ്യം
ഈ കവിത ഒരു പാലത്തെ മാത്രം വിമർശിക്കുന്നതല്ല. ആസൂത്രണത്തിലെ പാളിച്ചകൾ, ഭരണകൂടത്തിന്റെ അനാസ്ഥ, പൊതുപണത്തിന്റെ പാഴ്‌ചെലവ്, നിസ്സഹായരായി നോക്കിനിൽക്കുന്ന ജനങ്ങൾ—ഇവയെല്ലാം കവിതയുടെ വരികളിലൂടെ വിചാരണ ചെയ്യപ്പെടുന്നു.
അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, വ്യാകരണപണ്ഡിതൻ, ഗായകൻ, സാംസ്കാരിക പ്രവർത്തകൻ, സംസ്ഥാന ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ ശ്രദ്ധേയനായ ചാക്കോ സി. പൊരിയത്ത്, ഇത്തവണ കവിതയെ തന്നെ ഒരു പൗരപ്രതിഷേധത്തിന്റെ ആയുധമാക്കിയിരിക്കുകയാണ്.
വർഷങ്ങളായി വഴിയില്ലാത്ത പാലം നാട്ടുകാർക്ക് ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, "പാലമല്ലാപ്പാലം" എന്ന കവിത ആ ചോദ്യത്തെ ആക്ഷേപഹാസ്യത്തിന്റെ കനൽക്കട്ടകളാക്കി മാറ്റിയിരിക്കുകയാണ്.
കവിത താഴെ:
'പാലമല്ലാപ്പാലം'
***
ആറ്റിലുണ്ടൊരു പാലം
വർഷമേറെയായ് പണി-
തീർത്തിട്ടു,(തീർന്നെന്നാരു
പറഞ്ഞു?!), കരകളെ
കൊഞ്ഞനംകുത്തി,യതാ-
നിൽക്കുന്നു, ജലോപരി;
തീണ്ടാതെ,കരകളെ;
കരക്കാരെയും, പാവം!
നിർമ്മിതിയിതിനെയും
നിർമ്മമം, വിളിക്കുന്നു
പാലമെന്ന പേരിനാൽ,
പാലാക്കാർ,നിസ്സങ്കോചം!
(സങ്കോചം,നാണ,മൊക്കെ
നാടുവിട്ടുപോയ്, വൃഥാ
സങ്കടപ്പെടാൻ വേറേ-
യാളുനോക്കണമെന്നേ..!)
അറ്റങ്ങൾ ത്രിശങ്കുവിൽ
നിൽക്കുന്ന പാലത്തിനു
പറ്റിയ പേരൊന്നിട്ടു
ക്ഷമകെട്ട നാട്ടുകാർ:
"പാലമല്ലാപ്പാല"ത്തെ-
ക്കണ്ടിട്ടു മടങ്ങുവാൻ
കേവലമഞ്ചേയഞ്ചു
രൂപ മാത്രമേ വേണ്ടൂ!
ടൂറിസം വളർന്നോട്ടെ,
വളർന്നു പുഷ്പിക്കട്ട,
പാലാക്കാരെവിടെയും
തോൽക്കില്ലെന്നറിയുക!!
70 12 23 03 34



0 Comments