കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് .
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം.
ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ തെക്കൻ, മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ഒക്ടോബർ 15, 16 തീയതികളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒക്ടോബർ 16ന് ഇടുക്കിക്ക് പുറമേ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലുള്ളവർ കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.
അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ചയായ ഒക്ടോബർ 12ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടലിൽ പോകുന്നവർ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകളും അധികൃതരുടെ നിർദേശങ്ങളും ശ്രദ്ധിക്കണം.
70 12 23 03 34





0 Comments