ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച പത്തോളം വാഹനങ്ങള്‍ പണിമുടക്കി. പെട്രോളില്‍ അമിതമായ അളവില്‍ എത്തനോള്‍ കലര്‍ന്നതാണു പ്രശ്നകാരണമായത് എന്നു വാഹന ഉടമകളുടെ പരാതി. ഇന്നലെയാണു സംഭവം.
കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഗോഡൗണില്‍ നിന്നും എത്തിച്ച 8,000 ലിറ്ററോളം പെട്രോളില്‍ നിന്നാണു വാഹനങ്ങള്‍ക്കു തകരാര്‍ നേരിട്ടത്. പെട്രോള്‍ അടിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ വാഹനങ്ങളില്‍ മിസിംഗുകള് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും വാഹനം വഴിയില്‍ നിലയ്ക്കുന്ന സാഹചര്യം വരെയുണ്ടാവുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്നു വാഹന ഉടമകള്‍ പമ്പിലെത്തി പ്രതിഷേധിക്കുകയും, ഇന്ധനം കുപ്പിയില്‍ ഒഴിച്ച് പരിശോധിച്ചപ്പോള്‍ എത്തനോളിന്റെ അംശം അധികമാണെന്നു കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നു പമ്പ് ഉടമകള്‍ ഐ.ഒ.സി അധികൃതരെ വിവരമറിയിക്കുകയും, പമ്പിലെ പെട്രോള്‍ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.
നിലവില്‍ ടാങ്കിന്റെ അടിയിലേക്കു പരിശോധിക്കുമ്പോള്‍ എത്തനോളിന്റെ അളവു കൂടുതല്‍ ഉള്ളതായി സംശയിക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്നതു പമ്പു ജീവനക്കാരോടോ ഉടമയോടോ ആയതിനാല്‍ എല്ലാ ഉത്തരവാദിത്തവും പമ്പുടമകളുടെ തലയിലാകുന്ന അവസ്ഥയാണുള്ളതെന്നു പമ്പ് ഉടമകളുടെ സംഘടന പറയുന്നു. കമ്പനിയില്‍ നിന്നും എത്തുന്ന ഉല്‍പ്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമേ പമ്പുകളിലേക്ക് അയക്കാവൂ. വാഹനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ഭീമമായ തുകയാണു ഡീലര്‍മാര്‍ക്കു നല്‍കേണ്ടി വരുന്നത്.
ഈ നഷ്ടപരിഹാരം പൂര്‍ണമായും കമ്പനി തന്നെ നല്‍കണമെന്നാണു സംഘടനയുടെ ആവശ്യം. എത്തനോള്‍ മിക്സ് ചെയ്ത പ്രൊഡക്റ്റില്‍ ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത് ആദ്യമായാണെന്നും, പെര്‍മിസിബിള്‍ ലിമിറ്റായ 20 ശതമാനത്തില്‍ കൂടുതല്‍ എത്തനോള്‍ ഇതില്‍ കലര്ന്നിട്ടുണ്ടാകാമെന്നും ഇവര്‍ സംശയിക്കുന്നു. വിഷയത്തില്‍ ഐ.ഒ.സി അധികൃതര്‍ പമ്പിലെത്തി പരിശോധനകള്‍ നടത്തുമെന്നും, എത്തനോളിന്റെ അളവ് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണു വിവരം.
70 12 23 03 34





0 Comments