ഉദ്യോഗസ്ഥരുടെ നടപടിക്രമപ്പിഴവ്; പാലാ നഗരസഭ കൗൺസിൽ യോഗം ഇന്ന് വീണ്ടും മാറ്റിവച്ചു
അജണ്ടയിൽ അധിക വിഷയങ്ങൾ ഉൾപ്പെടുത്തിയതിനെച്ചൊല്ലി തർക്കം; നിയമപ്രകാരമല്ലാത്ത നടപടികളോട് സഹകരിക്കില്ലെന്ന് കൗൺസിലർമാർ
ഉദ്യോഗസ്ഥരുടെ നടപടിക്രമപ്പിഴവിനെ തുടർന്ന് പാലാ നഗരസഭയുടെ കൗൺസിൽ യോഗം ഇന്ന് വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ 3 -ാം തീയതി മാറ്റിവച്ച യോഗം വീണ്ടും ചേരുമ്പോൾ പരിഗണിക്കേണ്ട അജണ്ടയ്ക്ക് പുറമെ പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് തർക്കത്തിന് ഇടയാക്കിയത്.
മാറ്റിവച്ച കൗൺസിൽ യോഗം പിന്നീട് ചേരുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച അജണ്ട തന്നെ പരിഗണിക്കണമെന്നിരിക്കെ, പുതിയതായി ചില അധിക വിഷയങ്ങൾ ഉൾപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ ജെ പനയ്ക്കലും സ്വതന്ത്ര മുന്നണി നേതാവ് അഡ്വ. ബിനു പുളിക്കക്കണ്ടവും രംഗത്തെത്തിയത്.. പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ അതിന് ആവശ്യമായ പ്രത്യേക നോട്ടീസ് നൽകേണ്ടതുണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.
നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ അധിക വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി കൗൺസിൽ യോഗം നടത്തേണ്ടതില്ലെന്ന് മുന്നണി കൺവീനർ ബിജു പാലൂപ്പടവിലും നിലപാട് സ്വീകരിക്കുകയും . ഇക്കാര്യം ചെയർപേഴ്സൺ മായാ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് കൗൺസിൽ യോഗം മാറ്റിവച്ചതായി ചെയർപേഴ്സൺ അറിയിച്ചത്.
ഇതോടെ, കൗൺസിൽ യോഗത്തിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച അടിസ്ഥാന നിയമവശങ്ങൾ അറിയാവുന്ന നഗരസഭാ ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ അജണ്ട തയ്യാറാക്കിയത് എന്തിനെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച കൗൺസിൽ യോഗം ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് പരിപാടിയുടെ പേരിൽ മാറ്റിവച്ചതിനെച്ചൊല്ലി വിവാദം നിലനിൽക്കുന്നതിനിടെയാണ് വീണ്ടും അജണ്ട സംബന്ധമായ പിഴവ് ചൂണ്ടിക്കാട്ടി യോഗം മാറ്റിവയ്ക്കേണ്ടി വന്നത്.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗൺസിലിന്റെ നടപടികൾ നിശ്ചിത ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചായിരിക്കണം. യോഗത്തിന്റെ നോട്ടീസ് നൽകുന്ന രീതിയും കൗൺസിൽ നടപടികളുടെ ഭാഗമാണ്.
അതേസമയം, അജണ്ട തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ പരിഹരിക്കാവുന്ന ഒരു നടപടിക്രമപ്രശ്നം കൗൺസിൽ യോഗത്തിന്റെ വാതിൽക്കൽ എത്തിച്ച് യോഗം തന്നെ മാറ്റിവയ്ക്കേണ്ടിവന്നത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണോ, അതോ മനപ്പൂർവമുള്ള നീക്കമാണോ എന്നതാണ് ഇപ്പോൾ നഗരസഭയിൽ ഉയരുന്ന പ്രധാന ചോദ്യം.
നിയമം അറിയാവുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഇത്തരമൊരു പിഴവ് സംഭവിച്ചതിന് പിന്നിൽ വീഴ്ചയാണോ അതോ ഭരണസമിതിക്ക് തന്നെ 'പണി' കൊടുക്കാനുള്ള ശ്രമമാണോ എന്നതും പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
70 12 23 03 34






0 Comments