സുനില് പാലാ
കേബിള് പണി പൂര്ത്തിയായോ എന്നറിയാന് മൂന്നും നാലും തവണ കത്തയച്ചിട്ടും മറുപടിയില്ല; കെ.എസ്.ഇ.ബി.യുടെ കേബിള് ജോലികള് പൂര്ത്തിയാകാത്തതിനാല് പാലാഏഴാച്ചേരി റോഡില് മുണ്ടുപാലം മുതല് കരൂര് വരെ ടാറിങ് നടത്താനാകാതെ പി.ഡബ്ല്യു.ഡി. അധികൃതര്.
മുണ്ടുപാലം മുതല് കരൂര് വരെയുള്ള റോഡില് കുഴികളും തകര്ച്ചയും യാത്രക്കാര്ക്ക് ഭീഷണിയായി തുടരുന്ന വിവരം ഇന്നലെ റിപ്പോര്ട്ട് ചെയ്തിരുന്നു.
കേബിള് പണിക്കുവേണ്ടിയാണ് ഇവിടെ റോഡുവക്കില് കുഴികുത്തിയത്. എന്നാല് കേബിള് പണി പൂര്ത്തിയായെന്ന് കെ.എസ്.ഇ.ബി. അറിയിച്ചാല് മാത്രമേ റോഡ് ടാറിങ് നടത്താനാകൂവെന്ന് പാലാ പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയര് സിയാ നൗഷാദ് പറഞ്ഞു. ഇതുസംബന്ധിച്ച് പലതവണ കത്തുനല്കിയിട്ടും കെ.എസ്.ഇ.ബി. അധികൃതര് മറുപടി നല്കാന് പോലും തയ്യാറായിട്ടില്ലെന്നാണ് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ ആക്ഷേപം.
റോഡുവക്കില് കുഴിയെടുത്ത് കേബിള് സ്ഥാപിച്ചശേഷം കുഴികള് മൂടുകയും പിന്നീട് പലയിടങ്ങളിലും വീണ്ടും കുഴിയെടുക്കുകയും ചെയ്തതോടെ യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്. കേബിള് ജോലികള് പൂര്ത്തിയായോ എന്ന കാര്യത്തില് വ്യക്തത ലഭിക്കാത്തതിനാല് റോഡിന്റെ അറ്റകുറ്റപ്പണികളും ടാറിങ്ങും അനിശ്ചിതത്വത്തിലായെന്നാണ് പി.ഡബ്ല്യു.ഡി. അധികാരികളുടെ വിശദീകരണം. ഒരുവശത്ത് റോഡ് തകര്ച്ചയും മറുവശത്ത് വകുപ്പുകള് തമ്മിലുള്ള ആശയവിനിമയത്തിലെ വീഴ്ചയുമാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്.
വെള്ളഞ്ചൂര് ഭാഗത്തേക്കുള്ള വളവില് അരയാള്പ്പൊക്കത്തില് കുഴിയെടുത്തിട്ടുള്ളത് ഉള്പ്പെടെ റോഡിന്റെ വിവിധ ഭാഗങ്ങളില് അപകടസാധ്യത നിലനില്ക്കുന്നു. കുഴികള്ക്കു ചുറ്റും പ്ലാസ്റ്റിക് നാട കെട്ടിയിട്ടുണ്ടെങ്കിലും അപകടം ഒഴിവാക്കാന് ഇത് പര്യാപ്തമല്ല. മഴ ശക്തമായതോടെ കുഴികളില് വെള്ളം നിറയുന്നതും ചെളി പടരുന്നതും അപകടഭീഷണി വര്ധിപ്പിക്കുന്നു.
നൂറുകണക്കിന് കുടുംബങ്ങള് താമസിക്കുന്ന വെള്ളഞ്ചൂര് ഭാഗത്ത് കാല്നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല് നേരത്തേ പാലാ പി.ഡബ്ല്യു.ഡി. അധികൃതര്ക്ക് നല്കിയ പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു.
കേബിള് പണി പൂര്ത്തിയാക്കേണ്ടത് കെ.എസ്.ഇ.ബി.; റോഡ് നന്നാക്കാന് കാത്തിരിക്കുന്നത് പി.ഡബ്ല്യു.ഡി.; ദുരിതം സഹിക്കേണ്ടത് നാട്ടുകാര്!
റോഡിലെ അപകടക്കുഴികള്ക്ക് അടിയന്തര പരിഹാരം കാണാനും കേബിള് ജോലികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാനും ബന്ധപ്പെട്ട അധികൃതര് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കത്തുകള്ക്ക് മറുപടി നല്കാതെ കെ.എസ്.ഇ.ബി. തുടരുന്ന മൗനം അവസാനിച്ചാലേ റോഡിന്റെ പുനരുദ്ധാരണത്തിന് വഴിതെളിയൂവെന്ന അവസ്ഥയിലാണ് കാര്യങ്ങള്.






0 Comments