സുനില്‍ പാലാ
• പ്രധാന ശസ്ത്രക്രിയകള്‍ക്കെല്ലാം 250 രൂപാ മാത്രം
• തിമിര പരിഹാരത്തിനുള്ള ലെന്‍സ് ഫ്രീ.
• കാന്‍സര്‍ കീമോതെറാപ്പിയും ഫ്രീ.
• മൈനര്‍ ശസ്ത്രക്രിയയ്ക്ക് 100 രൂപാ മാത്രം
• 10 രൂപാ മുടക്കിയാല്‍ ഏതിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാം
സ്വകാര്യ ആശുപത്രികളില്‍ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന തിമിര ശസ്ത്രക്രിയ കേവലം 250 രൂപയ്ക്ക്! ലെന്‍സ് സൗജന്യം. പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയിലെ വളരെ തുച്ഛമായ തുകയ്ക്കുള്ള സേവനങ്ങള്‍ നമ്മള്‍ അറിയാതെ പോകരുത്. മേജര്‍ ശസ്ത്രക്രിയകള്‍ക്ക് 250 രൂപയും മൈനര്‍ ശസ്ത്രക്രിയയ്ക്ക് 100 രൂപയുമാണ് ആശുപത്രിയിലെ നിലവിലെ നിരക്ക്. ഡോക്ടറെ കാണാന്‍ 10 രൂപയുടെ ഒ.പി. ടിക്കറ്റ് മാത്രം. ആശുപത്രിയില്‍ ലഭ്യമായ മരുന്നുകളും തികച്ചും സൗജന്യം.
മുട്ടുമാറ്റിവയ്ക്കല്‍, ഹെര്‍ണിയ, സ്തനനീക്കം തുടങ്ങിയ ശസ്ത്രക്രിയകള്‍ക്കും കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കും 250 രൂപയാണ് അടിസ്ഥാന നിരക്ക്. എന്നാല്‍ പ്രത്യേക ഇംപ്ലാന്റുകള്‍, കിറ്റുകള്‍, ഉപകരണങ്ങള്‍ എന്നിവ ആവശ്യമായി വന്നാല്‍ അവയുടെ ചെലവ് അധികമായി വരാം.
കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിവരികയാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാകും.
എല്ലാ പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും ഒ.പി. സൗകര്യമുള്ള ആശുപത്രിയില്‍ 45 ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഒ.പി. ബുക്ക് ചെയ്ത് ഡോക്ടറെ കാത്തുനിന്ന് മുഷിയാതെ കാണാനും കഴിയും.
സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് കുമാറിന്റെയും ആര്‍.എം.ഒ. ഡോ. രേഷ്മ സുരേഷിന്റെയും നേതൃത്വത്തിലാണ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലയിലെ മറ്റ് ഗവ. ജനറല്‍ ആശുപത്രികളില്‍ മേജര്‍ ശസ്ത്രക്രികള്‍ക്ക് 1000 രൂപാ മുതല്‍ 2000 രൂപാ വരെ അടിസ്ഥാന നിരക്കുള്ളപ്പോഴാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഇത് കേവലം 250 രൂപാ മാത്രമായി നിലനിര്‍ത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു ദിവസം തിമിരത്തിന്റെ ശസ്ത്രക്രിയയും ഇവിടെയുണ്ട്. ലെന്‍സ് ഫ്രീയാണ്.
കെ.എം. മാണി വിഭാവനം ചെയ്തത ജനകീയജനറല്‍ ആശുപത്രി.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം. മാണി വിഭാവനം ചെയ്തതാണ് ഈ ജനറല്‍ ആശുപത്രി. ആശുപത്രിയുടെ ഓരോ വളര്‍ച്ചയിലും കെ.എം. മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ നിരവധി ചികിത്സാ സൗകര്യങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് വേണ്ടത്ര പരിചിതമല്ല. സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന ചികിത്സാച്ചെലവ് താങ്ങാനാകാതെ ചികിത്സ വൈകിപ്പിക്കുന്നവര്‍ക്ക് പാലാ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വലിയ ആശ്വാസമാണ്. അടുത്ത കാലത്ത് ജോസ് കെ. മാണി എം.പി ആശുപത്രിയുടെ വികസന കാര്യങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. മാണി സി. കാപ്പന്‍ എം.എല്‍.എയും ആശുപത്രിയുടെ വികസന കാര്യത്തില്‍ ബദ്ധശ്രദ്ധനാണ്.





0 Comments