റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് രക്ഷകരായി ചിങ്ങവനം പോലീസ്; സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
കുടുംബപ്രശ്നങ്ങളെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിങ്ങവനം പോലീസ്. ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം.
ചിങ്ങവനം എഫ്എസിടി കടവിന് സമീപം താമസിക്കുന്ന യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വിവരം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ അജ്മൽ ഷായെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ അറിയിച്ചിരുന്നു. സംഭവത്തിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ് മുതൽ യുവാവ് സന്ദേശങ്ങൾ അയച്ചിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ കാരണം എസ്.എച്ച്.ഒയ്ക്ക് ഇവ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
രാത്രി എട്ടുമണിയോടെ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ യുവാവിനെ ഫോണിൽ ബന്ധപ്പെടുകയും സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. താൻ റെയിൽവേ ട്രാക്കിലാണെന്ന യുവാവിന്റെ മറുപടിയോടെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ എസ്.എച്ച്.ഒ ഉടൻ ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ഇതിനിടെ റെയിൽവേ അധികൃതരെയും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. യുവാവുമായി ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു യാത്ര.
പ്ലാറ്റ്ഫോം കഴിഞ്ഞുള്ള വെളിച്ചമില്ലാത്ത വിജനമായ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിൽ പാളത്തിനു കുറുകെ കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. ഈ സമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോകുകയും ചെയ്തു. പോലീസ് കൃത്യസമയത്ത് സ്ഥലത്തെത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി.
യുവാവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച എസ്.എച്ച്.ഒ, ജീവിതം അവസാനിപ്പിക്കരുതെന്നും എന്ത് പ്രതിസന്ധിയുണ്ടായാലും പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ വീട്ടിലേക്ക് അയച്ചു. പിറ്റേന്ന് വീണ്ടും സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും ഉറപ്പുനൽകിയാണ് യുവാവിനെ വിട്ടയച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനച്ചിക്കാട് പഞ്ചായത്ത് അംഗം റോയി മാത്യുവും രക്ഷാപ്രവർത്തനത്തിൽ പോലീസിനൊപ്പം പങ്കാളിയായി.
പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് കരുതലും പിന്തുണയുമായി കേരള പോലീസ് ഒപ്പമുണ്ടെന്ന സന്ദേശം കൂടി ഈ സംഭവം നൽകുന്നു.
70 12 23 03 34


0 Comments