അർണാബ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തമാകുന്നതിന് മുൻപ് ദക്ഷിണേന്ത്യൻ തീരത്തെ ആശങ്കയിലാഴ്ത്തി ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ്
രൂപപ്പെട്ടു. മുറസു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഇതിന്റെ സ്വാധീനത്തിൽ വടക്കൻ തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇരു ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് നാല് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം മടങ്ങിയെത്തണമെന്നും ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില ഘട്ടങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റായലസീമ, തെലങ്കാന മേഖലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ടും നൽകി.
ഞായറാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപംകൊണ്ടത്. നവംബർ രണ്ടിന് പുലർച്ചെയോടെ ഇത് കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിവിധ മേഖലകളിൽ വിന്യസിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ടീമുകളെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെ ഏഴ് ടീമുകളെയും വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ 112, 1070 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, ഒഡീഷയിലും ജാഗ്രത ശക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. അർണാബ് ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഡീഷയിൽ ഒരു ലക്ഷത്തിലേറെ ആളുകളാണ് ദുരിതത്തിലായത്. ഇതിന് പിന്നാലെ പുതിയ ചുഴലിക്കാറ്റ് ഭീഷണിയെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ഒഡീഷയിൽ നവംബർ നാലുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
70 12 23 03 34




0 Comments