റബര്‍ വില കുതിച്ചിട്ടും കര്‍ഷകര്‍ക്ക് തൃപ്തരല്ല
നിയാസ് മുസ്തഫ
ആഭ്യന്തരവിപണിയില്‍ റബര്‍ വില ചരിത്രത്തിലാദ്യമായി 300രൂപ തൊട്ടെങ്കിലും കര്‍ഷകര്‍ അത്ര സന്തോഷത്തിലല്ല. വില ഉയര്‍ന്നപ്പോള്‍ ഉത്പാദനം കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. മുന്‍വര്‍ഷങ്ങളില്‍ നല്ലതുപോലെ പാല് ലഭിച്ചിരുന്ന തോട്ടങ്ങളില്‍ ഈ വര്‍ഷം ഉത്പാദനം നന്നായി കുറഞ്ഞു.
ചൂട് വര്‍ധിച്ചതും എല്‍നിനോ പ്രതിഭാസവുമാണ് ഉത്പാദനം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റബര്‍ വില ഉയര്‍ന്നതോടെ കൂടിയ വിലയ്ക്ക് ചരക്ക് ശേഖരിക്കാന്‍ ടയര്‍കമ്പനികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആഭ്യന്തരവിപണിയില്‍ റബര്‍ വില കൂടുമ്പോള്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇതിലൂടെ വിപണിയിലെ ആവശ്യകത കുറച്ചുകൊണ്ടുവരാനും വിലയിടിക്കാനും സാധിച്ചിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കപ്പല്‍ വഴിയുള്ള ചരക്കു നീക്കത്തെ തടസപ്പെടുത്തിയതോടെ ഇറക്കുമതിച്ചെലവ് കൂടിയതാണ് ടയര്‍കമ്പനികള്‍ക്ക് വിലങ്ങുതടിയായത്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് കൃത്രിമ റബറിന്റെ ഉല്പാദനച്ചെലവ് വര്‍ധിപ്പിച്ചതോടെ വ്യവസായ സ്ഥാപനങ്ങള്‍ സ്വാഭാവിക റബറിനെ കൂടുതല്‍ ആശ്രയിച്ചതും ഡിമാന്‍ഡ് ഇരട്ടിയാക്കിയിട്ടുണ്ട്. വില താഴില്ലെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ സ്റ്റോക്കുകള്‍ പെട്ടെന്ന് മാര്‍ക്കറ്റില്‍ എത്തിക്കാത്തതും നിലവിലെ വിലക്കയറ്റത്തിനു കാരണമാണ്.
രാജ്യത്ത് ആവശ്യത്തിന് റബര്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 5.22 ലക്ഷം ടണ്‍ റബറിന്റെ കുറവുണ്ട്. ഉത്തരേന്ത്യന്‍ ഷീറ്റിന്റെ വരവ് കുറഞ്ഞതും പ്രശ്നമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഷീറ്റ് റബറിന്റെ വരവ് വന്‍തോതില്‍ ഇടിഞ്ഞതും കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. പല കര്‍ഷകരും ഷീറ്റാക്കാതെ ലാറ്റക്സ് നല്‍കുന്നതും ആര്‍എസ്എസ് 4 ഷീറ്റ് ലഭ്യത കുറയാനിടയാക്കിയിട്ടുണ്ട്.
70 12 23 03 34





0 Comments